
കൊല്ലം: കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ചെറുകിട സംരംഭങ്ങളുടെ വിറ്റുവരവ് ഉയർത്തി വൻകിട ബിസിനസുകളാക്കാൻ പദ്ധതി. ഓരോ വർഷവും നിശ്ചിത ചെറുകിട സംരംഭങ്ങൾക്ക് വീതം പരിശീലനം നൽകാൻ കുടുംബശ്രീ മിഷൻ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റുമായി ധാരണാപത്രം ഒപ്പിട്ടു.
വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ച പല ചെറുകിട സംരംഭങ്ങൾക്കും ഇതുവരെ കാര്യമായ വളർച്ച നേടാൻ കഴിഞ്ഞിട്ടില്ല. ഈ സ്ഥിതി മാറ്റി കുടുംബശ്രീ പ്രവർത്തകരുടെ വരുമാനം ഉയർത്തുന്നതിനൊപ്പം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയാണ് പുതിയ ആലോചനയ്ക്ക് പിന്നിൽ. ഈ വർഷം 150 സംരംഭങ്ങളെ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കും. യൂണിറ്റ് അംഗങ്ങളുമായി ആശയവിനിമയം നടത്തി ഇവരുടെ ഉല്പാദനം, അക്കൗണ്ടിംഗ് മാർക്കറ്റിംഗ് എന്നീ വശങ്ങൾ കോഴിക്കോട് ഐ.ഐ.എമ്മിലെ വിദഗ്ദ്ധ സംഘം പഠിക്കും. തുടർന്ന് നിലവാരം ഉയർത്താനുള്ള പദ്ധതി രേഖ തയ്യാറാക്കും. എല്ലാ മേഖലയിലും പ്രൊഫഷണൽ സ്വഭാവം ഉറപ്പാക്കി സംരംഭങ്ങളെ ഉടച്ചുവാർക്കും.
കോഴിക്കോട് ഐ.ഐ.എമ്മിൽ പരിശീലനം
സംരംഭങ്ങൾക്ക് വായ്പ അടക്കം തരപ്പെടുത്തി നൽകും
പരിശീലനം നൽകാനുള്ള സംരംഭങ്ങളുടെ തിരഞ്ഞെടുപ്പ് ഈമാസം പൂർത്തിയാക്കും
എല്ലാ ജില്ലകളിൽ നിന്നുള്ള സംഘങ്ങൾക്കും പ്രാതിനിദ്ധ്യം നൽകും
തിരഞ്ഞെടുക്കുക പ്രതിവർഷം 3 ലക്ഷം വിറ്റുവരവുള്ളവയെ
ലക്ഷ്യം പ്രതിമാസ വിറ്റുവരവ് കുറഞ്ഞത് ഒരു ലക്ഷമാക്കൽ
നിലവിൽ സംരംഭങ്ങൾ
141000
കുടുംബശ്രീ അംഗങ്ങളെ സംരംഭകരാക്കി നിശ്ചിത വരുമാനം നൽകുകയെന്ന ലക്ഷ്യമാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. അതിൽ നിന്ന് മാറി സംരംഭങ്ങളുടെ വളർച്ച വർദ്ധിപ്പിച്ച് വരുമാനം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.
കുടുംബശ്രീ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |