
ചവറ: മരകായുധങ്ങളുമായെത്തി നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെയും ബന്ധുവിനെയും ആക്രമിച്ച് കൊലപ്പെട്ടുത്താൻ ശ്രമിച്ച സംഭവത്തിൽ സ്ഫോടക വസ്തുവിന്റെ ഉറവിടം തേടി തെക്കുംഭാഗം പൊലീസ്.
ദിവസങ്ങൾക്ക് മുമ്പ് വൈകിട്ടാണ് കോയിവിള, പടപ്പനാൽ അരിനല്ലൂർ ഭാഗങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. ഇതിനിടെ അക്രമി സംഘം സഞ്ചരിച്ച ബൈക്ക് കോയിവിള ഭരണിക്കാവ് ഷാ മൻസിലിൽ ഷഹൻഷയും ബന്ധുവും സഞ്ചരിച്ച ബൈക്കിൽ ഇടിക്കാൻ ശ്രമിച്ചു. ഷഹൻഷ ഇത് ചോദ്യം ചെയ്തു. ഇതോടെ അക്രമി സംഘം സ്കൂട്ടർ തടഞ്ഞ് ഷഹൻഷായെ കല്ലുവച്ച് ഇടത് കവിളിൽ ഇടിച്ചു. മറ്റൊരാൾ വടിവാൾ വീശി ഉറക്കെ ആക്രോശിച്ച ശേഷം ബാഗിൽ നിന്ന് തോട്ട പോലുള്ള ഉഗ്ര സ്ഫോടക വസ്തു ഇവരുടെ നേർക്ക് എറിയുകയും അത് താഴെ വീണു പൊട്ടുകയുമായിരുന്നു.
പ്രതികളിൽ നിന്ന് കണ്ടെടുത്ത ബോംബുകൾ സ്‌റ്റേഷനിലെത്തിച്ച ശേഷം ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി. കേസിൽ രണ്ടുപേർ അറസ്റ്റിലായി. മൂന്ന് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നിർദ്ദേശാനുസരണം തെക്കുംഭാഗം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |