
കൊല്ലം: ജില്ലയിൽ അതിർത്തി കടന്നെത്തുന്ന പഴകിയ മത്സ്യ വിൽപ്പന തകൃതിയായി തുടരുന്നു. ഒറ്റനോട്ടത്തിൽ പഴക്കം തോന്നിപ്പിക്കില്ലെങ്കിലും വെട്ടിത്തുടങ്ങുമ്പോഴാണ് പഴകിയതാണെന്ന് മനസിലാകുന്നത്.
കേരളത്തിലെ ഹാർബറുകളിൽ നിന്ന് എത്തിക്കുന്നുവെന്ന വ്യാജേനെയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് ടൺ കണക്കിന് മത്സ്യം വിപണിയിൽ എത്തിക്കുന്നത്. പഴകിയ മത്സ്യം കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നതിനാൽ ഇവ വൻതോതിലാണ് സംസ്ഥാനത്തേക്ക് കടത്തുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ നിന്ന് 800 കിലോയും നീണ്ടകരയിൽ നിന്ന് 10 കിലോയും വീതം പഴകിയ മത്സ്യം പിടിച്ചെടുത്തു. പരിശോധന സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന മൊബൈൽ ലാബ് യൂണിറ്റിൽ ഉടൻ പരിശോധന നടത്തുകയായിരുന്നു. മതിയായ അളവിൽ ഐസ് ഇടാതെയാണ് മത്സ്യം സൂക്ഷിക്കുന്നത്. ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്ന അനുപാതത്തിലാണ് വേണ്ടതെന്നത് പലരും ശ്രദ്ധിക്കാറില്ലെന്നും കണ്ടെത്തി.
പഴക്കം പണിതരും
പ്രദേശിക മാർക്കറ്റുകളിൽ വേണ്ട ശീതികരണ സംവിധാനങ്ങൾ ഇല്ലാതെയും മതിയായ അളവിൽ ഐസ് ചേർക്കാതെയും മത്സ്യം സൂക്ഷിക്കുന്നത് പഴക്കത്തിന് കാരണമാകും. ഫോർമാലിൻ ഉൾപ്പടെയുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യം കേടാകാതെ ദീർഘകാലം നിലനിൽക്കും. ഒറ്റ നോട്ടത്തിൽ പഴകിയതാണെന്ന് ഇവ കണ്ടാൽ തോന്നുകയുമില്ല.ചെറുകിട വ്യാപാരികൾക്ക് മത്സ്യത്തിന്റെ പഴക്കം പെട്ടന്ന് കണ്ടെത്താൻ കഴിയണമെന്നുമില്ല.
ഇങ്ങനെ മനസിലാക്കാം
പച്ചമീനിന് വൃത്താകൃതിയിലുള്ളതും തിളങ്ങുന്നതും തെളിച്ചമുള്ളതുമായ കണ്ണുകളായിരിക്കും
തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറവുമുള്ളതുമായ കണ്ണുകൾ മീൻ പഴകിയതിനെ സൂചിപ്പിക്കുന്നു
മീനിന്റെ ആന്തരികാവയവങ്ങൾ നീക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്ന് വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മീൻ ഫ്രഷാണ്
മാംസത്തിൽ തൊടുമ്പോൾ ദൃഢത ഉണ്ടെങ്കിൽ നല്ല മീനാണ്. മീൻ ചീത്തയാണെങ്കിൽ വിരലമർത്തുമ്പോൾ മാംസം താണു പോകും
മീനിന് നാറ്റം ഉണ്ടെങ്കിൽ ഫ്രഷ് അല്ലെന്ന് കരുതണം.
ചീഞ്ഞുർതുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിന് സമാനവുമായ ഗന്ധവുമുണ്ടാകും.
മത്സ്യം സുലഭമായി കിട്ടുന്ന സ്ഥലമായിട്ട് കൂടി അന്യസംസ്ഥാനങ്ങളിൽ നിന്ന് വലിയതോതിൽ മത്സ്യം ഇവിടേക്ക് എത്താറുണ്ട്. ശരിയായ അളവിൽ ഐസ് ഉപയോഗിക്കാതെയാണ് ഇവ എത്തുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |