
എഴുകോൺ: പാരിസ്ഥിതികാഘാതം പരിഗണിക്കാതെ തണൽ മരങ്ങൾക്ക് റെയിൽവേയുടെ കടുംവെട്ട്. എഴുകോൺ റെയിൽവേ സ്റ്റേഷൻ മുതൽ ചീരങ്കാവ് വരെ ദേശീയപാതയോരത്തെ മരങ്ങളാണ് വെട്ടിയത്. അപകടകരമായ മരങ്ങൾ മുറിച്ച് നീക്കണമെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കത്തിന്റെ മറവിലാണ് റെയിൽവേ മരങ്ങൾക്കാകെ മരണം വിധിച്ചത്.
അപകടസ്ഥിതിയോ പ്രായമോ പരിശോധിക്കാതെയാണിത്. വന്മരങ്ങളും പാഴ്മരങ്ങളും വെട്ടിയിട്ടുണ്ട്. അടിയന്തരമായി മരങ്ങൾ നീക്കാൻ വൈദ്യുതി വകുപ്പും കളക്ടറും ആവശ്യപ്പെട്ടതുകൊണ്ടാണ് നടപടി ക്രമങ്ങൾ ഒഴിവാക്കി മുറിച്ചതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
റോഡിലേക്കും 11 കെ.വി ലൈനിലേക്കും മരങ്ങളും ശിഖരങ്ങളും വീണ് അപകടം ഉണ്ടാകുന്നതിൽ നിരവധി പരാതികളും ഉയർന്നിരുന്നു. വൈദ്യുതി വകുപ്പും പൊലീസും ഇക്കാര്യം റെയിൽവേ, ദുരന്ത നിവാരണ അതോറിറ്റി എന്നിവരെ അറിയിച്ചിരുന്നതുമാണ്.
കഴിഞ്ഞ മേയ് 20 നാണ് റെയിൽവേക്ക് കെ.എസ്.ഇ.ബി കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അപകടസ്ഥിതിയിലുള്ള മരങ്ങൾ പരിശോധിച്ച് മൂല്യം കണക്കാക്കി ലേലം ചെയ്ത് നൽകേണ്ടതായിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതെ നടപടി വൈകിപ്പിച്ചു.
ജൂലായ് 24ന് എഴുകോൺ എസ്.എച്ച്.ഒയും റൂറൽ പൊലീസ് മേധാവിക്ക് അപകടസ്ഥിതി വിവരിച്ച് റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് ആഗസ്റ്റ് 21ന് റൂറൽ പൊലീസ് മേധാവി നൽകിയ കത്ത് കൂടി പരിഗണിച്ചാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മരങ്ങൾ മുറിക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടത്.
ഒക്ടോബർ 21ന് ഇത് സംബന്ധിച്ച് റെയിൽവേക്ക് നൽകിയ കത്തിൽ അപകടകരമായ മരങ്ങളും ശിഖരങ്ങളും നീക്കണമെന്നാണ് നിർദ്ദേശം. എന്നാൽ കഴിഞ്ഞ ദിവസം റെയിൽവേ അധികൃതരെത്തി മരങ്ങൾ അപ്പാടെ മുറിച്ചതാണ് വിവാദമായത്.
നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മുതലുള്ള ഇ.എസ്.ഐ പാതയോരത്തെയും റെയിൽവേ സ്റ്റേഷൻ മുതൽ ചീരങ്കാവ് വരെയുമാണ് മരങ്ങൾ മുറിക്കേണ്ടത്.
വെട്ടിനിരത്തിൽ ദുരന്ത നിവാരണ
അതോറിറ്റിയുടെ കത്തിന്റെ മറവിൽ
അടുത്തത് ഘട്ടത്തിൽ കേരളപുരം മുതൽ കുണ്ടറ വരെ
എഴുകോണിലെ സമീപനമാണെങ്കിൽ ഇവിടെയും മരങ്ങൾ അപ്പാടെ മുറിക്കും
മരങ്ങളുടെ മൂല്യം കണക്കാക്കി ലേലം ചെയ്താണ് സാധാരണ മുറിക്കേണ്ടത്
മുറിച്ച മരങ്ങളുടെ തായ്ത്തടികളടക്കം വിറക് വിലയ്ക്ക് ലേലം ചെയ്യാൻ സാദ്ധ്യത
റെയിൽവേയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം
മുറിക്കേണ്ടത് മുറിച്ചില്ല
നിരത്തിപ്പിടിച്ച് മരങ്ങൾ മുറിച്ചിട്ടും എഴുകോൺ റെയിൽവേ സ്റ്റേഷന് മുൻവശത്ത് ദേശീയപാതയ്ക്ക് മുകളിലേക്ക് ഏറ്റവും അപകടാവസ്ഥയിലുള്ള കൂറ്റൻ മരം ഇനിയും മുറിച്ചിട്ടില്ല. കേടായ വൻ ശിഖരമാണ് റോഡിന് മറുവശത്തെ കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നത്.
ദുരന്ത നിവാരണ അതോറിറ്റിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര സ്ഥിതി പരിഗണിച്ചാണ് മരങ്ങൾ മുറിച്ച് നീക്കിയത്.
നിതിൻ ഓസ്റ്റിൻ,
സീനിയർ സെക്ഷൻ എൻജിനിയർ,
റെയിൽവേ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |