SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

വേനൽ കത്തുന്നു: കർഷകരും അരുമപ്രേമികളും കരുതിയിരിക്കണം

dog

കൊല്ലം: വേനൽ കടുത്ത സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. പകൽ 11നും വൈകിട്ട് 3നും ഇടയിൽ തുറസായ സ്ഥലങ്ങളിൽ ഉരുക്കളെ മേയാൻ വിടരുത്.

ഈ സമയത്ത് പശുക്കളെ പാടത്ത് കെട്ടിയിടരുത്. ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ കൂടാരങ്ങളിൽ നിന്ന് പുറത്തിറക്കി മരത്തണലിൽ കെട്ടാൻ ശ്രദ്ധിക്കണം. തൊഴുത്തിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിക്കുന്നത് നല്ലതാണ്. തെങ്ങോല, ടാർപോളിൻ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് മേൽക്കൂരയ്ക്ക് കീഴെ സീലിംഗ് ഒരുക്കുന്നതും ചൂട് കുറയ്ക്കും. സ്പ്രിംഗ്ലർ, ഷവർ എന്നിവ ഉപയോഗിച്ച് അരമണിക്കൂർ കൂടുമ്പോൾ പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മർദ്ദം കുറയ്ക്കും. വാഹനത്തിൽ കയറ്റിയുള്ള ദീർഘദൂര യാത്രകൾ രാവിലെയും വൈകുന്നേരവുമാക്കണം.

നിർജ്ജലീകരണം തടയാനും പാൽ കറവ നഷ്ടം കുറയ്ക്കാനും തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാൻ വെള്ള ടാങ്കുകളും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം. വേനലിൽ കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് കുറയുന്നതിനാൽ ഏറ്റവും നിലവാരമുള്ള തീറ്റ നൽകണം. ധാതുലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർക്കണം.

മാനദണ്ഡങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

 വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ നായ്ക്കളെയും പൂച്ചകളെയും പ്രത്യേകം ശ്രദ്ധിക്കണം

 പഗ്ഗ്, ലാസാ അപ്സോ, ബുൾഡോഗ്, ചൗ ചൗ, കോക്കർ സ്പാനിയൽ എന്നീ നായ്ക്കൾക്ക് കൂടുതൽ കരുതൽ വേണം

 തണുത്ത കുടിവെള്ളം എപ്പോഴും നൽകണം

 ചൂടുകൂടിയ സമയങ്ങളിൽ തീറ്റ ഒഴിവാക്കണം. തീറ്റ പലതവണകളാക്കാം

 ആഹാരത്തിൽ തൈരോ ജീവകം സി യോ നൽകണം

 ശരീരഭാരമുള്ള ഇനങ്ങൾക്കാണ് സൂര്യാഘാത സാദ്ധ്യതയേറെ

ബ്രോയ്ലർ കോഴികൾക്കും ശ്രദ്ധവേണം

ബ്രോയ്ലർ കോഴികളെയാണ് ചുട് കൂടുതൽ ബാധിക്കുക. രണ്ടുമൂന്ന് തവണ തറവിരി ഇളക്കിയിടണം. ചകിരിച്ചോറാണ് നല്ല തറവിരി. സ്പ്രിംഗ്ലർ ഉപയോഗിച്ച് മേൽക്കൂര തണുപ്പിക്കണം. മേൽക്കൂരയ്ക്ക് മുകളിൽ തെങ്ങോലയോ ചണച്ചാക്കോ വിരിക്കാം. ഐസിട്ട ബള്ളം കുടിക്കാൻ നൽകണം. കൂട്ടിൽ എക്സോസ്റ്റ് ഫാനുകൾ ഘടിപ്പിക്കണം.

സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ അടിയന്തര വൈദ്യ സഹായത്തിന് ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം.

ഡോ. ഡി.ഷൈൻകുമാർ,

ജില്ലാ മൃഗാശുപത്രി മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL