SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

നീർപക്ഷി സർവേ: താറാവ് വർഗത്തിലെ പക്ഷികൾ പറന്നകന്നു

കൊല്ലം: വേനൽ രൂക്ഷമായി ജലലഭ്യത കുറഞ്ഞതിനാൽ ജില്ലയിൽ താറാവ് വർഗത്തിലെ നീർപക്ഷികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായെന്ന് നീർപ്പക്ഷി സർവേ. വേനൽ കടുക്കുന്നതിന്റെ സൂചനയായി ഉഷ്ണപ്രദേശങ്ങളിൽ കാണുന്ന വംശനാശഭീഷണി നേരിടുന്ന കന്യാസ്ത്രീ കൊക്കുകളുടെ സാന്നിദ്ധ്യവും ജില്ലയിൽ കണ്ടെത്തി.

കഴി‌ഞ്ഞവർഷം നാല് താറാവ് ഇനങ്ങളിലെ 1416 നീർപക്ഷികളെ കണ്ടെത്തിയിരുന്നു. എന്നാൽ ഇത്തവണ ഈ നാല് ഇനങ്ങളിലെ 71 എണ്ണത്തെ മാത്രമാണ് കണ്ടെത്തിയത്. 58 കന്യാസ്ത്രീ കൊക്കുകളെ കണ്ടെത്തി. ഇതിൽ 38 എണ്ണവും പോളച്ചിറയിലായിരുന്നു. ജില്ലയിലെ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ കൊല്ലം ബേഡിംഗ് ബറ്റാലിയന്റെയും വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ - ഇന്ത്യയുടെയും വോളണ്ടിയർമാർ കേരളാ വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവത്കരണ

വിഭാഗത്തിന്റെയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെയും സഹകരണത്തോടെയായിരുന്നു സർവേ.

നാല് മണിക്കൂറിൽ എണ്ണിയത്

11525 നീർപക്ഷികളെ

സർവേദിനത്തിൽ നാല് മണിക്കൂറിനുള്ളിൽ 81 ഇനങ്ങളിലുള്ള 11525 നീർപക്ഷികളെയാണ് നിരീക്ഷകർ എണ്ണിയത്. ഇതിൽ 46 ഇനം ദേശാടനപ്പക്ഷികളാണ്. പോളച്ചിറ ഏലായുടെ രണ്ട് ഭാഗങ്ങൾ, ഉമയനല്ലൂർ ഏലാ, ചിറ്റുമല ചിറ, ചീലൂർ തടാകം, ശാസ്താംകോട്ട തടാകം, മൺറോത്തുരുത്ത്, കാരാളി ചതുപ്പ്, കണ്ടച്ചിറ, പൊഴിക്കര, ശക്തികുളങ്ങര-നീണ്ടകര, അഷ്ടമുടി, വെള്ളനാതുരുത്ത്, അഴീക്കൽ, പാവുമ്പ, തൊടിയൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ജനുവരി 26 നായിരുന്നു സർവേ. എ.കെ.ശിവകുമാർ, അലൻ അലക്സ്, ഗോവിന്ദ് ഗിരിജ, നവനീത് സിനി ജോർജ്, ശ്രീവിജയ്, ആദർശ് അജയ്, അമ്പാടി സുഗതൻ, ഫൈസൽ ഫസലുദ്ദീൻ, ഡോ. നിർമ്മൽ ജോർജ്, ജെ.ഒയ്ഗൻ, ഡോ.സർലിൻ.പി.ജോൺ, പോളി കാർപ്പ് ജോസഫ്, റജി ചന്ദ്രൻ, വി.സീതാറാം, ഹരീഷ്.ആർ.അയ്യർ എന്നിവരുടെ നേതൃത്വത്തിൽ 92 പേർ സർവേയിൽ പങ്കെടുത്തു.

കൂടുതൽ നീർപക്ഷികൾ തൊടിയൂരിൽ

കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും പാവുമ്പ തൊടിയൂർ മേഖലയിലാണ് ഏറ്റവും കൂടുതൽ പക്ഷികളെ രേഖപ്പെടുത്തിയത്. 49 ഇനങ്ങളിലായി 1824 പക്ഷികൾ. 44 ഇനങ്ങളിലായി 1641 പക്ഷികളെ രേഖപ്പെടുത്തിയ പോളച്ചിറ ഏലായും 33 ഇനങ്ങളിലായി 1402 പക്ഷികളെ രേഖപ്പെടുത്തിയ ചിറ്റുമല ചിറയുമാണ് തൊട്ടുപിന്നിൽ.

താറാവ് ഇനത്തിലെ നീർപക്ഷികൾ, 2024, 2025

ചൂളൻ എരണ്ട- 1014, 12
പച്ച എരണ്ട- 376, 44
പുള്ളിച്ചുണ്ടൻ താറാവ്- 11, 15

വാലൻ വരണ്ട- 15, 0

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL