
കൊല്ലം: ആരോഗ്യവകുപ്പ് ആരംഭിച്ച നൂറുദിന തീവ്രയജ്ഞ പരിശോധനയിൽ ഇതുവരെ ജില്ലയിൽ ആറുപേർക്ക് ക്ഷയരോഗം സ്ഥിരീകരിച്ചു. ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായാണ് ‘ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’ എന്നപേരിൽ പരിപാടി ആരംഭിച്ചത്.
കഴിഞ്ഞ ഡിസംബർ 8 മുതൽ ഗൃഹ സന്ദർശനങ്ങളും ക്യാമ്പുകളും ആരംഭിച്ചു. ഏകദേശം 8000 പേരുടെ വിവരശേഖരണം നടത്തിയതിൽ 2000 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, അച്ചൻകോവിൽ എന്നിവിടങ്ങളിലെയും പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ക്യാമ്പുകൾ പൂർത്തിയായി.
തീരദേശ മേഖലയിലടക്കം ക്യാമ്പുകളും ബോധവത്കരണ പരിപാടികളും പുരോഗമിക്കുകയാണ്. സ്വകാര്യ ആശുപത്രികളിൽ നിന്നുൾപ്പടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കൊവിഡിന് പിന്നാലെ ക്ഷയരോഗ പരിശോധന കുറഞ്ഞതോടെ രോഗവ്യാപനം വദ്ധിക്കുകയായിരുന്നു. രോഗം കണ്ടെത്താൻ ആധുനിക രീതിയിലുള്ള സി.ബിനാറ്റ്, ട്രൂനാറ്റ് പരിശോധനകൾ ജില്ല ടി.ബി സെന്റർ, കരുനാഗപ്പള്ളി ഹോസ്പിറ്റൽ ഫോർ ചെസ്റ്റ് ഡിസീസ്, പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ്, പുനലൂർ താലൂക്ക് ആശുപത്രി, കൊട്ടാരക്കര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലുണ്ട്.
ലക്ഷണങ്ങൾ അവഗണിക്കരുത്
രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
ശരീരം ക്ഷീണിക്കുക
ഭാരം കുറയുക
വിശപ്പില്ലായ്മ
രാത്രികാലങ്ങളിൽ ഉണ്ടാകുന്ന കുളിരോടുകൂടിയ പനി
ചുമച്ച് രക്തം തുപ്പുക
രക്തം കലർന്ന കഫം
നാലുവർഷത്തിനിടെ 568 മരണം
നാലുവർഷത്തിനിടെ 568 പേരാണ് ക്ഷയരോഗം പിടിപെട്ട് മരിച്ചത്. കഴിഞ്ഞവർഷം 113 പേർ മരിച്ചു. മുൻ വർഷങ്ങളേക്കാൾ മരണ നിരക്ക് കുറവാണെങ്കിലും ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
പരിശോധന പ്രധാനം
ക്ഷയരോഗ പരിശോധനയും ചികിത്സയും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും സൗജന്യം
ചികിത്സാ കാലയളവിൽ സാമ്പത്തിക സഹായം ലഭിക്കും
ആറുമാസത്തെ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ഭേദമാക്കാം
കൃത്യമായി മരുന്ന് കഴിച്ചില്ലെങ്കിലും രോഗംമൂർച്ഛിച്ച് ഗുരുതരാവസ്ഥയിലാകും
70 ശതമാനവും ശ്വാസകോശ ക്ഷയവും 30 ശതമാനം ശ്വാസകോശേതര ക്ഷയവുമാണുള്ളത്
ശ്രദ്ധിക്കേണ്ടത്
വായുവിലൂടെ പടരും
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉറക്കെ സംസാരിക്കുമ്പോഴും അണുക്കൾ പരക്കും
വർഷം, പരിശോധനയ്ക്ക് വിധേയരായർ, രോഗം സ്ഥിരീകരിച്ചവർ, മരണം
2021- 23208, 1577,131
2022-36385, 1684,156
2023-51430, 1571, 168
2024- 54665, 1521, 113
പലരും പരിശോധന നടത്താൻ വിമുഖത കാണിക്കുന്നുണ്ട്. എത്രയും വേഗം പരമാവധി ക്ഷയരോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഡോ. സാജൻ മാത്യൂസ്,
ജില്ലാ ഓഫീസർ, ടി.ബി വിഭാഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |