റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയില്ലെന്ന്
കൊല്ലം: ജില്ലാ ഗവ. കോൺട്രാക്ടേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു 1587ൽ നാലരക്കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്ട്. ശക്തികുളങ്ങര അസി. രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്‌പെക്ടർ സഹകരണ രജിസ്ട്രാർക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ക്രമവിരുദ്ധമായി കാര്യങ്ങൾ നടന്നതെന്ന് വ്യക്തമാക്കുന്നത്.
നിലവിലെ ഭരണസമിതി പ്രസിഡന്റിന്റെ നേതൃത്വത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായിട്ടാണ് ആരോപണം. നിക്ഷേപം, വായ്പ, ജി.ഡി.സി.എസ് പ്രവർത്തനങ്ങൾ ചട്ടം ലംഘിച്ച് നടത്തി, വ്യവസ്ഥകൾ പാലിക്കാതെ ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ വായ്പകൾ നൽകി തുടങ്ങിയ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. വലിയ നഷ്ടം നേരിട്ടപ്പോഴാണ് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ടത്. റിപ്പോർട്ട് സമർപ്പിച്ചിട്ടും ക്രമക്കേട് നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഹകരണസംഘത്തിന് കെട്ടിട്ടം നവീകരിക്കാനെന്ന പേരിലും തുക ചെലവഴിച്ചു. എ.കെ.ജിയുടെ പേരിലുള്ള വാടക കെട്ടിടത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. വാടകക്കെട്ടിടം മെയിന്റനൻസ് നടത്തിയെന്ന് കാണിച്ച് 9 ലക്ഷത്തിലധികം രൂപയാണ് എടുത്തിരിക്കുന്നത്. വാടകയിനത്തിലും ലക്ഷങ്ങൾ എഴുതിയെടുത്തു. എന്നാൽ കെട്ടിട ഉടമയ്ക്ക് ഒരു രൂപപോലും കൊടുത്തില്ലെന്നാണ് ആക്ഷേപം. നിയമ വിരുദ്ധമായി അംഗങ്ങളെ ചേർക്കുകയും നിയമം ലംഘിച്ച് കുടിശ്ശിക ഉള്ളവർക്കും ലോൺ നൽകുകയും ചെയ്തു. സെക്യൂരിറ്റി സ്വീകരിക്കാതെ ലോൺ കൊടുക്കുകയും ചട്ടവിരുദ്ധമായി നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. ഒരാൾക്ക് കൊടുക്കാവുന്ന ലോണിന്റെ പരിധി 15 ലക്ഷം ആയായിരുന്നിട്ടും സംഘത്തിൽ നിന്ന് രണ്ടുകോടി രൂപ വായ്പ അനുവദിച്ചുവെന്നും നടപടിക്രമം പാലിക്കാതെയാണ് നിലവിലെ പ്രസിഡന്റിനെ തിരഞ്ഞെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജില്ലയിലെ ഒരു സി.പി.എം നേതാവിന്റെ നിയന്ത്രണത്തിലാണ് ഭരണസമിതിയുടെ തലപ്പത്തുള്ളവർ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. നേരത്തെ കൂടുതൽ വേതനം എഴുതിയെടുത്തിരുന്ന ഭരണസമിതി പ്രസിഡന്റിന് തുക മുഴുവൻ തിരിച്ച് അടയ്‌ക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് സഹകരണ സംഘത്തിലെ വൻ ക്രമക്കേടുകളുടെ വിവരം പുറത്തുവരുന്നത്. സഹകരണ നിയമപ്രകാരമുള്ള തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. അതേസമയം റിപ്പോർട്ടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഭരണസമിതി അംഗങ്ങളുടെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |