
കൊല്ലം: ജില്ലയുടെ മുഖമുദ്രയ ചിന്നക്കട ക്ളോക്ക് ടവറിന്റെ സമയദോഷം മാറുന്നു. മാസങ്ങളായി കരാറുകാരെ കിട്ടാനില്ലെന്ന പേരിൽ അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടന്ന ക്ളോക്ക് ടവറിന്റെ നവീകരണം ഉടൻ ആരംഭിക്കും. പുതിയ ഏജൻസി കരാർ ഏറ്റെടുത്തതോടെയാണ് പ്രതിസന്ധി മാറുന്നത്. രണ്ടാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ് കോർപ്പറേഷൻ അധികൃതരുടെ മറുപടി.
നാളുകളായി നാലുവശത്തുമുള്ള ക്ലോക്കുകളിലെ അക്കങ്ങളെല്ലാം മാഞ്ഞ നിലയിലാണ്. തേവള്ളി ഭാഗത്തേക്ക് നോക്കിനിൽക്കുന്ന ടവറിന്റെ ഭാഗത്ത് മാത്രമാണ് അക്കങ്ങൾ കുറച്ചെങ്കിലും തെളിഞ്ഞുകാണുന്നത്. കൂടാതെ ടവറിന്റെ ഒരുവശത്തെ ക്ളോക്കിൽ സമയ വ്യത്യാസവും കാണാം. മൂന്ന് വശത്തെ സമയം കൃത്യമാണെങ്കിൽ അടുത്ത വശത്ത് അഞ്ചുമിനിറ്റ് വ്യത്യാസമാണുള്ളത്.
ഇടയ്ക്കിടെ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. എന്നാൽ അക്കങ്ങൾ മാഞ്ഞതിന് പരിഹാരം കണ്ടില്ല. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് ക്ലോക്കിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കോർപ്പറേഷൻ ക്വട്ടേഷൻ വിളിച്ചെങ്കിലും കരാർ ഏറ്രെടുക്കാൻ ആദ്യം ഏജൻസികൾ എത്തിയില്ലെന്നാണ് അധികൃതർ പറയുന്നത്. നഗരത്തിലൂടെ യാത്ര ചെയ്യുന്നതിൽ ഭൂരിഭാഗവും ക്ലോക്കിന്റെ സമയദോഷം മാറിയില്ലേയെന്ന മട്ടിലാണ് ക്ലോക്ക് ടവറിലേക്ക് നോക്കുന്നത്.
ആദ്യകാലത്ത് കീ കൊടുത്ത് പ്രവർത്തിച്ചിരുന്ന ക്ലോക്ക് പിന്നീട് നവീകരിച്ച് മാറ്റങ്ങൾ വരുത്തുകയായിരുന്നു. പലതണ അറ്രകുറ്റപ്പണി നടത്തേണ്ടി വന്നപ്പോൾ യന്ത്രഘടന മാറ്റി. തുടർന്ന് ക്ലോക്കിന്റെ പ്രവർത്തനം വൈദ്യുതീകരിച്ചു.
പുനർനിർമ്മിച്ചത് - 2015ൽ
ആദ്യകാല ക്ളോക്ക് ടവറുകളിൽ ഒന്ന്
തിരുവിതാംകൂറിലെ ആദ്യകാല ക്ളോക്ക് ടവറുകളിൽ ഒന്നാണിത്. കൊല്ലം മുനിസിപ്പൽ ചെയർമാനായിരുന്ന കെ.ജി.പരമേശ്വരൻ പിള്ളയുടെ സ്മരണാർത്ഥം 1941 ലാണ് ക്ളോക്ക് ടവറിന്റെ ഗോപുര നിർമ്മാണം ആരംഭിച്ചത്. കുമ്മായം, ഇഷ്ടിക എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം. 1944ലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
പരാതി ഉയർന്നപ്പോൾ തന്നെ അറ്റകുറ്റപ്പണിക്ക് ടെണ്ടർ ക്ഷണിച്ചിരുന്നു. ആരും എത്തിയില്ല. വീണ്ടും ടെണ്ടർ ക്ഷണിച്ചാണ് കരാർ നൽകിയത്. രണ്ടാഴ്ചയ്ക്കകം പ്രശ്നങ്ങൾ പരിഹരിക്കും.
കൊല്ലം മധു,
ഡെപ്യൂട്ടി മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |