SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

ജില്ലയിൽ പെരുകുന്നു: സെർവിക്കൽ ക്യാൻസറും സ്തനാർബുദവും

കൊല്ലം: ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ജീവിതശൈലി രോഗനിർണയ സർവേ ആൻഡ് സ്‌ക്രീനിംഗിൽ (ശൈലി) ഇതുവരെ 33442 സ്ത്രീകൾക്കാണ് കാൻസർ സാദ്ധ്യത കണ്ടെത്തിയത്. ശൈലി രണ്ടാംഘട്ട സർവേയും സ്ക്രീനിംഗും അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ 30 വയസിന് മുകളിലുള്ള 21,358 പേർക്ക് സെർവിക്കൽ ക്യാൻസർ സാദ്ധ്യതയും 12,084 പേർക്ക് സ്തനാർബുദ സാദ്ധ്യതയും കണ്ടെത്തി. ഇവരെ വിശദമായ പരിശോധനയ്ക്ക് അനുബന്ധ ആശുപത്രികളിലേക്ക് റഫർ ചെയ്തു. 9,34,533 പേരുടെ സർവേ പൂർത്തിയായപ്പോൾ ലഭിച്ച കണക്കാണിത്. ഒന്നാം ഘട്ട സർവേയി​ൽ പങ്കെടുത്ത 12,99,535 പേരിൽ 60,287 പേരിലാണ് സ്തനാർബുദ സാദ്ധ്യതയ്ക്കുള്ള ലക്ഷണങ്ങൾ കണ്ടെത്തിയത്. 8,486 പേർക്ക് സെർവിക്കൽ കാൻസർ സാദ്ധ്യതയ്ക്കുള്ള ലക്ഷണങ്ങളും കണ്ടെത്തി. എന്നാൽ ഇവരിൽ പലരും തുടർപരിശോധനയ്ക്ക് വിധേയരായിട്ടില്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ക്യാൻസർ ചികിത്സിച്ച്‌ ഭേദമാക്കാനാവുന്നവയാണെങ്കിലും താമസിച്ചുള്ള രോഗ നിർണയം ജീവൻ തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നു. ഇതുകൊണ്ട് ലക്ഷണങ്ങൾ ഇല്ലെങ്കിലും രോഗസാദ്ധ്യതയുള്ളവർ സ്‌ക്രീനിംഗിന് വിധേയമാകണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

പ്രതിരോധത്തിന് ആരോഗ്യവകുപ്പ്

 പ്രതിരോധ, പരിശോധനാ പരിപാടിയുമായി ആരോഗ്യവകുപ്പ്

 സന്നദ്ധ, സ്വകാര്യ സംഘടനകളുടെ സഹായത്തോടെയാണ് ‘ആരോഗ്യം ആനന്ദം’ ക്യാമ്പയിൻ

 ജില്ലയിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രി എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന

 ആഴ്ചയിലൊരു ദിവസം സ്ത്രീകളുടെ കാൻസർ പരിശോധന

 സ്തനാർബുദ പരിശോധനയിൽ സംശയം തോന്നിയാൽ മാമ്മോഗ്രാം

 സെർവിക്കൽ ക്യാൻസർ സംശയം തോന്നിയാൽ കോൾപോസ്കോപ്പി പരിശോധന

 30 വയസ് മുതൽ 65 വയസുവരെയുള്ള സ്ത്രീകളിലാണ് സർവേ

ജില്ലാതല ഉദ്ഘാടനം ഇന്ന്

‘ആരോഗ്യം ആനന്ദം’ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് എം.നൗഷാദ് എം.എൽ.എ പാൽക്കുളങ്ങര കേരളാ സ്റ്റേറ്റ് കാഷ്യൂ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കശുഅണ്ടി ഫാക്ടറിയിൽ നിർവഹിക്കും. മാർച്ച് 8 വരെയാണ് ക്യാമ്പയിൻ.

സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവെയക്കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗം തുടക്കത്തിലേ കണ്ടെത്തിചികിത്സിക്കുക എന്നിവയാണ് ലക്ഷ്യം.

ആരോഗ്യ വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL