SignIn
Kerala Kaumudi Online
Friday, 23 October 2026 7.53 AM IST

ഇന്ന് കാൻസർ ദിനം: ബിനുവിന് സിദ്ധൗഷധം മരുന്നല്ല, കളർ പെൻസിലുകൾ

photo

കൊല്ലം: തിരുവനന്തപുരം ആർ.സി.സിയിലെ ഓങ്കോളജി ഡിപ്പാർട്ടുമെന്റിന് സമീപത്തെ തറയിൽ കിടന്ന ഒരു പേപ്പറിലെ ചിത്രം ഡോ.വി.പി.ഗംഗാധരന്റെ കണ്ണിലുടക്കി, വരച്ചതാരെന്ന് തിരക്കി. ചെന്നെത്തിയത് ബിനുവെന്ന പതിനാറുകാരന്റെ മുന്നിൽ. വരച്ചത് കൊള്ളാം, ഇനിയും വരയ്ക്കണമെന്ന് പ്രോത്സാഹിപ്പിച്ചു. പിന്നെ കുറേ വെള്ള പേപ്പറും കളർ പെൻസിലും നൽകി.

മരുന്നിനേക്കാൾ ഫലമുള്ള സിദ്ധൗഷമായിരുന്നു മരണം കാത്തുകിടന്ന ആ 'പയ്യന്' ആ കളർപെൻസിലുകളെന്ന് പിന്നീട് പലപ്പോഴും ഡോ.വി.പി.ഗംഗാധരൻ പറഞ്ഞു. ആ കാൻസർ കിടക്കയിൽ നിന്നാണ് ബിനു കൊട്ടാരക്കരയെന്ന ചിത്രകാരൻ ഉയിർത്തെഴുന്നേറ്റത്. വരച്ചുകൂട്ടിയ മികവേറും ചിത്രങ്ങൾക്ക് കണക്കില്ല, നീണ്ട 32 വർഷക്കാലമായി കാൻസറിനെ തോൽപ്പിച്ച സിദ്ധൗഷധമായി ബിനുവും നിറക്കൂട്ടുകളെ കരുതുകയാണ്.

കൊട്ടാരക്കര തലവൂർ കൃഷ്ണകൃപയിൽ മുത്തു-ശാന്തമ്മ ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവനാണ് ബിനു. അമ്മ ആറ് വർഷം മുമ്പ് കാൻസർ ബാധിച്ച് മരിച്ചു. കൽപ്പണിക്കാരനായിരുന്ന അച്ഛൻ എൺപത്തെട്ടിന്റെ അവശതകളുമായി കഴിയുകയാണ്. സ്വന്തമെന്ന് പറയാൻ ഒരുതുണ്ട് ഭൂമിപോലുമില്ലാത്തതിനാൽ അച്ഛനും ബിനുവും ഏക സഹോദരിയുടെ വീട്ടിലാണ് താമസം. പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് ബിനുവിന് രക്താർബുദം പിടിപെടുന്നത്. നാല് വർഷത്തെ ചികിത്സയ്ക്കിടെ ചിത്രമെഴുത്തുതുടങ്ങി. പിന്നെ കൊട്ടാരക്കരയിലെ സ്കൂൾ ഒഫ് ഫൈനാർട്സിൽ ചേർന്ന് ചിത്രകല പഠിച്ചു. മരുന്ന് മുടങ്ങിയാലും ചിത്രമെഴുത്തിന് മുടക്കമുണ്ടായില്ല.

കണ്ണിൽക്കണ്ടതെല്ലാം വരച്ചുതുടങ്ങി. സർക്കാർ ഓഫീസുകളിലടക്കം ഒട്ടേറെ ഇടങ്ങളിൽ ബിനു കൊട്ടാരക്കരയുടെ വരകൾ മിഴിവേകി. ലളിതകലാ അക്കാഡമിയുടെ ഗ്രാന്റോടെ രണ്ട് തവണയായി 140 ചിത്രങ്ങളുടെ സോളോ ഷോ നടത്തി. കേരളത്തിനകത്തും പുറത്തുമായി നിരവധി എക്സിബിഷനുകളിൽ ചിത്രങ്ങളുമായി ബിനുവും ഇടംപിടിച്ചു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ 'എന്റെ മനസിലെ പച്ചപ്പുകൾ' എന്ന പേരിൽ നടത്തിയ ചിത്ര പ്രദർശനം വലിയ ശ്രദ്ധ നേടി. കിയാഫ് ഇന്റർനാഷണൽ ചിത്രകലാ പുരസ്കാരം, അശാന്തൻ സ്മാരക പുരസ്കാരമടക്കം ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തി. ആയിരത്തിലധികം ചിത്രങ്ങൾ വിൽപ്പന നടത്താനുമായി. പുരോഗമന കലാസാഹിത്യസംഘം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായും ബിനു കൊട്ടാരക്കര പ്രവർത്തിച്ചുവരുന്നു. ആവണീശ്വരം സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായി ജോലി ചെയ്യുന്നുമുണ്ട്.

ആയുസ് നീട്ടിക്കിട്ടിയത് ഈ വരകളിലൂടെയാണ്. ഉള്ളുനിറയെ വർണങ്ങളുമുണ്ട്. ഒത്തിരിയൊത്തിരി വരച്ചു, ഇനിയുമൊത്തിരി വരയ്ക്കാനുമുണ്ട്. അതാണ് ഊർജ്ജം.

ബിനു കൊട്ടാരക്കര

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL