SignIn
Kerala Kaumudi Online
Friday, 23 October 2026 1.52 PM IST

എഴുകോണിലെ റെയിൽവേ മരം മുറി കളക്ടർ പരിശോധിക്കും

aal-maram

എഴുകോൺ: എഴുകോണിലെ പാതയോര തണൽ മരങ്ങൾ ഒന്നാകെ മുറിച്ച റെയിൽവേ നടപടി പരിശോധിക്കുമെന്ന് കളക്ടർ എൻ.ദേവിദാസ്. ഇത് സംബന്ധിച്ച് കേരളകൗമുദി നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരങ്ങൾ അപ്പാടെ മുറിക്കുന്നത് ശരിയല്ല. ഇക്കാര്യം ബന്ധപ്പെട്ടവരുടെ മീറ്റിംഗുകളിൽ പറഞ്ഞിട്ടുള്ളതാണ്. എഴുകോണിൽ നടന്ന മരംമുറി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസാർഡ് അനലിസ്റ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

എഴുകോൺ റെയിൽവേ സ്റ്റേഷൻ മുതൽ ചീരങ്കാവ് വരെയുള്ള മരങ്ങൾക്കാണ് റെയിൽവേ അധികൃതർ കൂട്ട മരണം വിധിച്ചത്. വൈദ്യുതി ലൈനിൽ വീണ് അപകടം ഉണ്ടാകാൻ സാദ്ധ്യതയുള്ള കേടുവന്ന മരങ്ങൾ മുറിക്കണമെന്ന കെ.എസ്.ഇ.ബി അധികൃതരുടെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി.

കോടാലിക്കിരയായവയിൽ

കൂറ്റൻ ആൽ മരവും

ചീരങ്കാവ് ജംഗ്ഷനിലാകെ തണൽ വിരിച്ചുനിന്ന കൂറ്റൻ ആൽ മരവും കോടാലിക്കിരയായി. മുഴുവൻ ശിഖരങ്ങളും മുറിച്ചു മാറ്റിയ നിലയിലാണ് ഇതിന്റെ തായ്ത്തടി ഇപ്പോൾ. നിരവധി പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയായിരുന്നു ആൽമരം.

മരങ്ങൾ മുറിച്ചതോടെ ചീരങ്കാവ് ജംഗ്ഷനിലാകെ തിളയ്ക്കുന്ന വെയിലാണ്. ഇവിടുത്തെ ടെമ്പോ സ്റ്റാൻഡ് തൊഴിലാളികളും ചെറുകിട വ്യാപാരികളും കൊടും ചൂട് സഹിച്ചാണ് ഇവിടെ കഴിയുന്നത്.

പ്രക്ഷോഭത്തിനൊരുങ്ങി

ഗുരുധർമ്മ സംഘം

ചീരങ്കാവിലെ മരം മുറിയിൽ പരിസ്ഥിതി സ്നേഹികളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര സമിതി ചെയർമാൻ എഴുകോൺ രാജ്മോഹൻ പറഞ്ഞു. കുണ്ടറ മുതൽ കേരളപുരം വരെ മരം മുറിക്കുമ്പോൾ അപകട സ്ഥിതിയിലുള്ള മരങ്ങൾ മാത്രമേ മുറിക്കാവൂ. ഇതിനുള്ള പ്രതിരോധം കൂടിയാകും ചീരങ്കാവിലെ പ്രകൃതി സ്നേഹികളുടെ സമരമെന്നും രാജ്മോഹൻ പറഞ്ഞു.

കളക്ടറുടെ നിർദ്ദേശ പ്രകാരം പരിശോധന തുടങ്ങിയിട്ടുണ്ട്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് റിപ്പോർട്ട് തേടും.

പ്രേംകുമാർ, ഹസാർഡ് അനലിസ്റ്റ്,

ദുരന്ത നിവാരണ അതോറിറ്റി, കൊല്ലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL