കുണ്ടറ: മുഖത്തല എൻ.എസ്.എസ് യു.പി.എസിൽ നിന്ന് 1ന് കന്യാകുമാരിയിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ പരിക്കേറ്റ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. മുഖത്തല കിഴവൂർ കല്ലുവിള വീട്ടിൽ മണികണ്ഠൻ ജലജ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തമകനായ ആറാം ക്ലാസ് വിദ്യാർത്ഥി ആരോമലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
വിനോദയാത്രയ്ക്കിടെ ബസിലിരുന്ന് ഉറങ്ങിയ ആരോമലിന്റെ കൈ പുറത്തേക്കാവുകയും തുടർന്ന് എതിരെ വന്ന ഒരു ലോറി കുട്ടിയുടെ കൈയിൽ ഇടിക്കുകയും കുട്ടിയുടെ കൈമുട്ട് പൊട്ടുകയും ചെയ്തു. തുടർന്ന് കുട്ടിയെ അദ്ധ്യാപകർ കന്യാകുമാരിയിലെ ശിവാന്തി ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് യാത്ര മതിയാക്കി ആരോമലിനെ ആറ്റുകാൽ അമ്പലത്തറ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അവിടെ നിന്ന് ആംബുലൻസിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. സർജറി ചെയ്യുന്നതിനായി ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ആരോമലിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ജില്ലാ ആശുപത്രിയിൽ സർജറി ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മുഖത്തല എൻ.എസ്.എസ് യു.പി.എസിൽ നിന്ന് 5 ബസുകളിലായി 147 കുട്ടികളാണ് വിനോദയാത്രയ്ക്ക് പോയത്.
കുട്ടിയുടെ ആശുപത്രി ചെലവിന് വേണ്ട സഹായങ്ങൾ സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് അറബിക് അദ്ധ്യാപകനായ സീദ് പറഞ്ഞു. എന്നാൽ സ്കൂളിന്റെ ഭാഗത്ത് നിന്ന് ആദ്യം സഹായം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സ്കൂൾ അധികൃതർ നിസഹകരണം തുടരുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധുക്കൾ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഉച്ചയോടെ ഉണ്ടായ അപകടം രാത്രി 11 മണി കഴിഞ്ഞാണ് വീട്ടുകാരെ അറിയിച്ചതെന്നും കുട്ടിയുടെ കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും കുട്ടിയുടെ ബന്ധുവായ മഞ്ജു ആരോപിച്ചു. കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |