കൊല്ലം: ഡോ. വന്ദനാദാസിനെ പ്രതി സന്ദീപ് കൊലപ്പെടുത്താനായി ആക്രമിക്കുന്നത് കണ്ടുവെന്ന് ദൃക്സാക്ഷി കോടതിയിൽ മൊഴി നൽകി. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ ഒന്നാം സാക്ഷിയുടെ വിസ്താര വേളയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി പടിക്കലിന്റെ ചോദ്യത്തിന് മറുപടിയായാണ് സാക്ഷി മൊഴി നൽകിയത്.
വന്ദന കൊല്ലപ്പെട്ട ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ ജോലി നോക്കിയിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് വിസ്തരിച്ചത്. സംഭവ ദിവസം രാവിലെ അഞ്ചോടെ പൂയപ്പള്ളി പൊലീസ് പ്രതിയെ കൊട്ടാരക്കര ഗവ. ആശുപത്രിയിൽ കൊണ്ടുവന്നുവെന്നും തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പ്രതി തലയിൽ കുത്തുന്നത് കണ്ടെന്നും സാക്ഷി കോടതിയിൽ മൊഴി നൽകി. തുടർന്ന് ഹോസ്പിറ്റലിലെ ഒബ്സർവേഷൻ മുറിയിൽ വച്ച് പ്രതി, വന്ദനയെ തുരുതുരെ കുത്തുന്നത് കണ്ടതായും സാക്ഷി കോടതിയിൽ മൊഴി നൽകി. ഇപ്രകാരം ആക്രമിച്ചയാളെ അറിയാമോ എന്ന സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സാക്ഷി കോടതിയിലുള്ള പ്രതി സന്ദീപിനെ ചൂണ്ടിക്കാട്ടി തിരിച്ചറിഞ്ഞു.
തുടർന്ന് പ്രതി കൃത്യത്തിന് ഉപയോഗിച്ച ആയുധം തിരിച്ചറിയാൻ സാധിക്കുമോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് ആശുപത്രിയിൽ ഉപയോഗിക്കുന്ന തരം സർജിക്കൽ സിസ്സേഴ്സ് ആണ് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് മൊഴി നൽകി. കോടതിയിൽ ഉണ്ടായിരുന്ന ആയുധവും സാക്ഷി തിരിച്ചറിഞ്ഞു.
കൃത്യം നടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഡോ. വന്ദനയുടെ സ്റ്റെതസ്കോപ്പും വസ്ത്രങ്ങളും സാക്ഷി കോടതിയിൽ വച്ച് തിരിച്ചറിഞ്ഞു. തുടർ സാക്ഷി വിസ്താരം ഇന്ന് നടക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യുട്ടർക്കൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‌പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും ഹാജരായി.
പ്രതിഭാഗം വിസ്താരം പിന്നീടാക്കാൻ ഹർജി
കേസിലെ 12 ദൃക്സാക്ഷികളുടെ പ്രതിഭാഗത്തിന്റെ വിസ്താരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ അഭിഭാഷകനായ അഡ്വ. അളൂർ നൽകിയ ഹർജിയിൽ ഇന്നലെ വാദം നടന്നു. പ്രോസിക്യൂഷൻ ആവശ്യത്തെ എതിർത്തു. ഹർജി വിധി പറയാൻ മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |