കൊല്ലം: വേനൽ കഠിനമായതോടെ നാട്ടിൽ തീപിടിത്തങ്ങളും വർദ്ധിക്കുന്നു. പുൽക്കാടുകൾക്കുമാണ് പ്രധാനമായും തീപിടിക്കുന്നത്. നൂറുകണക്കിന് ഫോൺ കോളുകളാണ് ദിവസവും പല ഫയർ സ്റ്റേഷനുകളിലും എത്തുന്നത്. ഈ വർഷം ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെ ചെറുതും വലുതുമായ 373 തീപിടിത്തങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാമിന്റെ കുളത്തൂപ്പുഴ വനമേഖലയോട് ചേർന്നുള്ള എണ്ണപ്പന പ്ലാന്റേഷനിലുണ്ടായ തീപിടിത്തമാണ് തീപിടിത്തങ്ങളിൽ വലുത്. സന്ധ്യയോടെ പ്ലാന്റേഷൻ പ്രദേശത്തെ തീ കെടുത്തിയെങ്കിലും കാട്ടിലേക്ക് തീ പടരുന്ന സാഹചര്യമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച നഗരത്തിൽ
ആശ്രാമം മൈതാനത്തും കരിക്കോട് ഓവർ ബ്രിഡ്ജിന് താഴെയും ചെറിയ രീതിയിൽ പുല്ലിന് തീപിടിച്ചിരുന്നു. കൊല്ലം (കടപ്പാക്കട) സ്റ്റേഷന് കീഴിലാണ് ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ ഉണ്ടായത്, 73 എണ്ണം. ദിവസേന ശരാശരി അഞ്ച് തീപിടിത്തങ്ങളാണുണ്ടാകുന്നത്. കഴിഞ്ഞ വർഷം 1538 തീപിടിത്തങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.
നാടിനും വേണം കരുതൽ
തീപിടിത്തമുണ്ടായാൽ ഉടൻ ഫയർഫോഴ്‌സിനെ അറിയിക്കുക
കുന്നുകൂടിയ മാലിന്യം, കരിഞ്ഞുണങ്ങിയ പറമ്പുകൾ എന്നിവിടങ്ങളിൽ തീപിടിത്ത സാദ്ധ്യത
ഫയർ ബെൽറ്റ് രൂപീകരിച്ച് തരിശിടങ്ങളിൽ തീയിടുക
കരിയില കത്തിക്കുമ്പോൾ വെള്ളം കരുതുക
മാലിന്യം കത്തിച്ച ശേഷം തീ പൂർണമായും അണഞ്ഞെന്ന് ഉറപ്പുവരുത്തുക
കാടുകയറിയ സ്ഥലങ്ങൾ വൃത്തിയാക്കുക
വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണം
ടൂറിസ്റ്റ് സ്ഥലങ്ങളിൽ സിഗരറ്റ്, തീപ്പെട്ടി എന്നിവ കത്തിച്ച് വലിച്ചെറിയരുത്
ഓഫീസുകളിൽ ജീവനക്കാർക്ക് പ്രാഥമിക അഗ്നിരക്ഷാ പരിശീലനം നൽകുക
പുറത്ത് പോകുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കുക
വിളക്കുകൾ, അടുപ്പുകൾ എന്നിവ ഉപയോഗശേഷം സുരക്ഷിതമാക്കുക
സമീപത്ത് കടലാസ്, വിറക്, മണ്ണെണ്ണ എന്നിവ സൂക്ഷിക്കരുത്
ഫയർ സ്റ്രേഷൻ -തീപിടിത്തത്തിന്റെ എണ്ണം ( 2025)
കൊല്ലം (കടപ്പാക്കട)- 73
ചാമക്കട- 45
പരവൂർ- 39
പുനലൂർ-24
പത്തനാപുരം- 17
കുണ്ടറ- 48
കരുനാഗപ്പള്ളി- 18
കൊട്ടാരക്കര- 35
ചവറ- 10
കടയ്ക്കൽ- 34
ശാസ്താംകോട്ട- 30
ചൂട് കൂടിയതോടെ തീപിടിത്ത സാദ്ധ്യതയും വർദ്ധിച്ചു. ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം.
ഫയർഫോഴ്സ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |