കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കണ്ടഞ്ചിറ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ എണ്ണപ്പനത്തോട്ടത്തിൽ രണ്ടാംദിനവും അഗ്നിബാധ തുടരുന്നു. പ്ലാന്റേഷനോട് ചേർന്നുള്ള ഡാലി, കണ്ടച്ചിറ പ്രദേശങ്ങളിലെ ജനവാസ മേഖലയും അഗ്നിബാധ ഭീഷണിയിലാണ്. ഉണങ്ങിക്കിടക്കുന്ന എണ്ണപ്പന തടികളിലെ കനൽ പൂർണമായും കെടാത്തതിനാൽ കാറ്റടിക്കുമ്പോൾ കത്തിപ്പടർന്ന് പ്ലാന്റേഷനിലെ അടിക്കാടുകളിലേക്ക് പടരുകയാണ്.
ഇന്നലെ വൈകിട്ടോടെ പ്ലാന്റേഷനോട് ചേർന്നുള്ള റബർ തോട്ടത്തിലേക്കും തീ പടർന്നു. ഇവിടേക്ക് ഫയർഫോഴ്സ് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ ജെ.സി.ബി എത്തിച്ച് പുതിയ വഴി വെട്ടുകയായിരുന്നു. കടയ്ക്കൽ, പുനലൂർ, പത്തനാപുരം, നെടുമങ്ങാട്, വിതുര എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തുടർച്ചയായി തീ കെടുത്തുകയാണ്. വനത്തിലേക്ക് തീ പടരാതിരിക്കാനുള്ള ജാഗ്രതയും പുലർത്തുന്നുണ്ട്. ഫയർഫോഴ്സിന് പുറമേ ഓയിൽപാം ജീവനക്കാരും തീ കെടുത്താൻ രംഗത്തുണ്ട്. പ്ലാന്റേഷന്റെ 150 മീറ്ററപ്പുറം ജനവാസ മേഖലയാണ്. തൊട്ടടുത്തായി ഒരു പെട്രോൾ പമ്പുമുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് ഓയിൽ പാം പ്ലാന്റേഷനിൽ രണ്ടുവർഷം മുമ്പ് 1500 ഓളം പുതിയ തൈകൾ നട്ട പ്രദേശത്ത് അഗ്നിബാധയുണ്ടായത്. എണ്ണപ്പനകൾക്കിടയിൽ കരിഞ്ഞുണങ്ങി നിൽക്കുന്ന അടിക്കാടിലാണ് തീപടരുന്നത്.
ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ. രാജേന്ദ്രൻ, മാനേജിംഗ് ഡയറക്ടർ ജോൺ സെബാസ്റ്റ്യൻ, സീനിയർ മാനേജർ ജയിംസ്, എസ്റ്റേറ്റ് മാനേജർ ബിനോയ്, ഓയിൽപാം സ്റ്റാഫ് യൂണിയൻ സെക്രട്ടറി അജയൻ, ബോർഡ് അംഗം അജയപ്രസാദ്, അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജികുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ, എസ്.എഫ്.ഒമാരായ നൗഷാദ്, ബിജു, ബി.എഫ്.ഒമാരായ രമ്യ, സന്തോഷ്, വനം വാച്ചർ അനൂപ് ഭാസ്കർ എന്നിവരും കുളത്തൂപ്പുഴ പൊലീസ് എന്നിവരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
തീ പിടിച്ചത് ഫയർബെൽറ്റിനപ്പുറം
അഗ്നിബാധ പുറത്ത് നിന്ന് ഉണ്ടാകാതിരിക്കാൻ എണ്ണപ്പനത്തോട്ടത്തിന് ചുറ്റും 15 മീറ്റർ വീതിയിൽ പുല്ല് പൂർണമായും വെട്ടിത്തെളിച്ച ഫയർബെൽറ്റുണ്ട്. അതുകൊണ്ട് തന്നെ തോട്ടത്തിനുള്ളിൽ നിന്ന് തന്നെയാണ് തീ പടർന്നിരിക്കുന്നത്. ഫയർഫോഴ്സിന് പുറമേ കുളത്തൂപ്പുഴ പൊലീസും സംഭവം അന്വേഷിക്കുന്നുണ്ട്. തീ ആദ്യം പടർന്ന സ്ഥലത്തിന് സമീപത്ത് ചൊവ്വാഴ്ച ഓയിൽപാമിലെ തൊഴിലാളികൾ അടിക്കാട് വെട്ടിയിരുന്നു. ഇവർ കുടിക്കാനായി വെള്ളം തിളപ്പിച്ചിരുന്നു. അതിൽ നിന്ന് തീ പടർന്നതാണോയെന്ന് സംശയമുണ്ട്. എന്നാൽ തങ്ങൾ നിന്നിടത്ത് നിന്ന് ഏറെ ആകലെ നിന്നാണ് അഗ്നിബാധ ആരംഭിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നത്.
അഗ്നിബാധ 175 ഏക്കറിൽ
ഓയിൽപാം തോട്ടം ഏകദേശം 12000 ഏക്കർ
എണ്ണപ്പനകൾക്കിടയിലെ അടിക്കാടാണ് കത്തുന്നത്. അതുകൊണ്ട് തന്നെ എണ്ണപ്പനകൾക്ക് കാര്യമായ നാശം സംഭവിക്കാൻ സാദ്ധ്യതയില്ല. നഷ്ടം കണക്കാക്കി വരുന്നതേയുള്ളു.
ആർ.രാജേന്ദ്രൻ
ചെയർമാൻ, ഓയിൽ പാം
കനൽ പൂർണമായും കെടാത്തതിനാൽ കാറ്റ് വീശുമ്പോഴാണ് തീ വീണ്ടും പടരുന്നത്. നിരന്തരം തീ കെടുത്തുകയാണ് ഇപ്പോഴുള്ള വഴി. വനത്തിലേക്കും ജനവാസ മേഖലയിലേക്കും പടരാതിരിക്കാൻ ജാഗ്രത പാലിക്കുന്നുണ്ട്.
വിസി വിശ്വനാഥ്
ജില്ലാ ഫയർ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |