കൊട്ടാരക്കര: ചെങ്ങമനാട് റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം, പത്തര പവന്റെ ആഭരണങ്ങൾ കവന്നു. കൃഷിവകുപ്പ് ജോ. ഡയറക്ടറായി വിരമിച്ച ചെങ്ങമനാട് ചരിവിള പറങ്കിമാംവിള വീട്ടിൽ കെ.കുരികേശുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്ക് സമീപം ചെങ്ങമനാട് ജംഗ്ഷനിലെ വീട്ടിലാണ് മോഷണം നടന്നത്.
മുൻവാതിലിന്റെ മൂന്ന് പൂട്ടുകൾ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയും മേശവലിപ്പുമൊക്കെ തുറന്ന് തുണികളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. കിടപ്പുമുറിയുടെ അലമാരകളുടെ പൂട്ട് പൊളിച്ചാണ് സ്വർണാഭരണങ്ങൾ കവർന്നത്. ലാപ് ടോപ്പ് നഷ്ടപ്പെട്ടുവെന്ന് കരുതിയെങ്കിലും പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിൽ വീട്ടിൽ നിന്നുതന്നെ ലഭിച്ചു. വ്യാഴാഴ്ച ഉച്ചവരെ വീട്ടിൽ ആളുണ്ടായിരുന്നു. മകളുടെ വിവാഹത്തിനുള്ള വസ്ത്രമെടുക്കാൻ ഉച്ചയ്ക്ക് ശേഷം തിരുവല്ലയിൽ പോയതായിരുന്നു. രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പിൻഭാഗത്തെ വാതിൽ തുറന്നിട്ട നിലയിലാണ്. രാത്രിതന്നെ പൊലീസ് എത്തി പരിശോധന നടത്തി. രാവിലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവെടുപ്പ് നടത്തി. കുരികേശുവിന്റെ രണ്ട് മക്കളും തിരുവനന്തപുരത്ത് ഡോക്ടർമാരാണ്. ഇവരുടെ മുറികളിലും മോഷ്ടാക്കൾ കയറി അലമാരകളുടെ പൂട്ട് പൊളിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. സമീപത്തെ സി.സി ടി.വി ദ്യശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മോഷ്ടാവിന്റേതെന്ന് കരുതുന്ന ചെരിപ്പുകൾ പരിസരത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |