കൊല്ലം: തീരദേശ ഹൈവേ വികസനത്തിന്റെ കാപ്പിൽ മുതൽ തങ്കശേരി വരെയുള്ള ജില്ലയിലെ ഒന്നാം റീച്ചിൽ കല്ലിടൽ പൂർത്തിയായ മൂന്ന് വില്ലേജുകളിൽ വൈകാതെ സാമൂഹ്യാഘാത പഠനം ആരംഭിക്കും. തങ്കശേരി മുതൽ നീണ്ടകര വരെയുള്ള രണ്ടാം റീച്ചിലെ സാമൂഹ്യാഘാത പഠനം അന്തിമഘട്ടത്തിലെത്തി.
17.8 കിലോ മീറ്റർ ദൂരത്തിലാണ് ഒന്നാം റീച്ച്. ഇതൽ 13.5 കിലോമീറ്റർ ദൂരത്തിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിർത്തികൾ വേർതിരിച്ച് കല്ലുകൾ സ്ഥാപിച്ചു. മുണ്ടയ്ക്കൽ ഭാഗത്ത് കൊല്ലം തോടിന്റെ കരയിലൂടെ പോകുന്ന തരത്തിലുള്ള അലൈൻമെന്റ് മാറ്റി പൂർണമായും തീരത്തുകൂടിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ ബീച്ചിനും കൊല്ലം പോർട്ടിനും ഇടയിലുള്ള ഗലീലിയോ കോളനിയിലെ കുടുംബങ്ങളുടെ പുനരധിവാസത്തിൽ ചർച്ചകൾ പൂരോഗമിക്കുകയാണ്. അതുകൊണ്ട് ഈ രണ്ട് സ്ഥലങ്ങളിലും കല്ലിടൽ നടന്നിട്ടില്ല. കല്ലിട്ട പരവൂർ, കോട്ടപ്പുറം, ഇരവിപുരം വില്ലേജുകളിൽ സാമൂഹ്യാഘാത പഠനത്തിനാണ് ആലോചന. കല്ലിടുന്ന മുറയ്ക്ക് മുണ്ടയ്ക്കൽ, കൊല്ലം വെസ്റ്റ് വില്ലേജുകളിൽ ഉൾപ്പെട്ട ബാക്കിയുള്ള സ്ഥലങ്ങളിൽ പഠനം നടത്തും.
പഠന റിപ്പോർട്ട് ലഭിക്കുന്നതിന് പിന്നാലെ ഓരോ സർവേ നമ്പരിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ്, ഉടമയുടെ പേര് എന്നിവ സഹിതമുള്ള സ്ഥലമേറ്റെടുപ്പ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂവുടമകളുടെ പരാതി പരിഹരിച്ച് വിലനിർണയത്തിലേക്ക് കടക്കും. നടപടികൾ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ രണ്ടാം റീച്ചിൽ നഷ്ടപരിഹാരം വിതരണം ചെയ്ത് സ്ഥലമേറ്റെടുക്കാമെന്നാണ് കണക്കുകൂട്ടൽ.
മൂന്നാം റീച്ചിൽ വൈകാതെ കല്ലിടൽ
ഇടപ്പള്ളിക്കോട്ട മുതൽ വലിയഴീക്കൽ വരെയുള്ള മൂന്നാം റീച്ചിലെ കല്ലിടലിന് മുന്നോടിയായി എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ പ്രദേശവാസികളുടെ യോഗം വൈകാതെ കളക്ടറുടെ ചേംബറിൽ ചേരും
മൂന്നാം റീച്ചിൽ ഇതുവരെ കല്ലിട്ടിട്ടില്ല
നിലവിലെ അലൈൻമെന്റ് പ്രകാരം രണ്ടാം റീച്ച് നീണ്ടകരയിൽ അവസാനിക്കും
മൂന്നാം റീച്ച് ആരംഭിക്കുന്ന ഇടപ്പള്ളിക്കോട്ട വരെ നിലവിലെ ദേശീയപാത 66 വഴിയാണ് തീരദേശപാത കടന്നുപോകുന്നത്
ഇതിന് പകരം നീണ്ടകര മുതൽ ഇടപ്പള്ളിക്കോട്ട വരെ തീരദേശ റോഡ് നിർമ്മിക്കണമെന്നാണ് ആവശ്യം
തീരദേശ ഹൈവേ
ആകെ നീളം - 51 കിലോമീറ്റർ
(ദേശീയപാത 66ലെ 9 കിലോമീറ്റർ സഹിതം)
സ്ഥലമേറ്റെടുത്ത് വികസനം - 42 കിലോമീറ്റർ
ആകെ ഏറ്റെടുക്കുന്നത് - 57 ഹെക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |