കൊല്ലം: കടുത്ത വേനലിൽ ആശ്രാമം മൈതാനത്തെ പുല്ല് ഉണങ്ങി തീപിടിത്തത്തിന് സാദ്ധ്യത വദ്ധിച്ചിട്ടും ചെത്തി വൃത്തിയാക്കാൻ തയ്യാറാകാതെ അധികൃതർ. മൈതാനത്തിന്റെ കുറച്ചുഭാഗം മാത്രമാണ് വൃത്തിയാക്കിയിട്ടുള്ളത്. സ്ഥിരമായി മേളകൾ സംഘടിപ്പിക്കുന്ന മൈതാനത്ത് പ്രദർശനങ്ങൾ കാണാനും വ്യായാമത്തിനും പ്രഭാത, സായാഹ്ന സവാരിക്കും ഡ്രൈവിംഗ് പരിശീലനത്തിനും മറ്റുമായി നിരവധി പേരാണ് എത്തുന്നത്.
ആളുകൾക്ക് വിശ്രമിക്കാനായി ഇരിപ്പിടങ്ങൾ നിരത്തിയിരിക്കുന്നതിന് സമീപത്തടക്കം ഉണങ്ങിയ പുല്ല് പടർന്നുകിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പടെ വലിയ അളവിൽ ഇവിടെ ഉപേക്ഷിച്ച നിലയിലാണ്. കഴിഞ്ഞ 9ന് വൈകിട്ട് രണ്ടുതവണയാണ് മൈതാനത്ത് പുല്ലിന് തീപിടിച്ചത്. അശ്വതി ബാറിന് എതിർവശത്തായുള്ള ഭാഗത്ത് ചെത്തിക്കൂട്ടിയിട്ടിരുന്ന പുല്ലിലേക്കും മാലിന്യത്തിലേക്കുമാണ് തീ പടർന്നത്. പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് അരമണിക്കൂറോളം പരിശ്രമിച്ചാണ് തീകെടുത്തിയത്. റവന്യു അധികൃതരാണ് മൈതാനത്തെ പുല്ല് ചെത്തി വൃത്തിയാക്കാൻ ആളെ നിയോഗിക്കേണ്ടത്.
പാമ്പും പട്ടിയും കീഴടക്കി
തെരുവുനായ്ക്കളുടെയും ഇഴജന്തുകളുടെയും ശല്യം വർദ്ധിച്ചു
അണലി ഉൾപ്പടെയുള്ള ഇഴജന്തുക്കളുടെ സാന്നിദ്ധ്യം
ഉണക്കപുല്ലുകൾ കൂടാതെ ഉണങ്ങിയതും കേടുവന്നതുമായ നിരവധി മരങ്ങളും ഭീഷണി
ഉണങ്ങിയ മരങ്ങൾ കടപുഴകുന്നത് പതിവ്
മരങ്ങൾ മുറിച്ചുമാറ്റേണ്ടത് വനംവകുപ്പ്
മൈതാനത്ത് തീപിടിക്കുന്നതും മരം പിഴുതുവീഴുന്നതും നിത്യസംഭവമാണ്. ഇഴജന്തുകളുടെ ശല്യവുമുണ്ട്. അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
രാഘവൻ, സമീപവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |