കൊല്ലം: സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആറാം ക്ലാസ് വിദ്യാർത്ഥി എം.ആരോമലിനെ കളക്ടർ എൻ.ദേവിദാസ് വീട്ടിലെത്തി സന്ദർശിച്ചു. അപകടം സംബന്ധിച്ച് അന്വേഷണം വേണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിൽ നടപടി സ്വീകരിക്കുമെന്നും കളക്ടർ ഉറപ്പുനൽകി.
ആരോമലിന്റെ ഇടത് കൈമുട്ടിന് താഴെ ഇടയ്ക്കിടെ സ്പർശനം അറിയാൻ കഴിയാത്ത അവസ്ഥയാണ്. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടും തയ്യൽ മാത്രമിട്ട് വിനോദയാത്ര തുടർന്ന്, മണിക്കൂറുകളോളം ചികിത്സ വൈകിപ്പിച്ചതാണ് നിലവിലെ പ്രശ്നത്തിന് കാരണമെന്ന് ആരോമലിന്റെ രക്ഷിതാക്കൾ ആരോപിച്ചു.
ഫെബ്രുവരി 1നാണ് ആരോമൽ പഠിക്കുന്ന സ്കൂളിൽ നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയത്. ഉച്ചയ്ക്ക് രണ്ടോടെ കന്യാകുമാരിക്ക് അടുത്തുള്ള വട്ടക്കോട്ട എത്തിയപ്പോൾ ബസിന്റെ പിൻ സീറ്റിൽ ഇരിക്കുകയായിരുന്ന അരോമൽ ഉറങ്ങിപ്പോയി. ഇതിനിടെ ബസിന്റെ ജനാലയിൽ വച്ചിരുന്ന ആരോമലിന്റെ ഇടത് കൈമുട്ടിൽ ലോറിയുടെ ഹൂക്ക് ഉടക്കി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അവർ മൂന്ന് തുന്നൽ ഇട്ട ശേഷം പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയും ശസ്ത്രക്രിയയ്ക്കുള്ള സൗകര്യമില്ലായിരുന്നു. ഇതോടെ അദ്ധ്യാപകർ അരോമലുമായി കന്യാകുമാരിയിലേക്ക് വിനോദ യാത്ര തുടരുകയായിരുന്നുവെന്ന് ആരോമലിന്റെ പിതാവ് പറഞ്ഞു.
ആരോമലിനെ ബസിൽ ഇരുത്തിയ ശേഷം മറ്റ് കുട്ടികളുമായി കന്യാകുമാരി ചുറ്റിക്കണ്ടു. ഇതിനിടയിൽ രക്തം വാർന്ന് ആരോമൽ അബോധാവസ്ഥയിലായി. രാത്രി പത്തോടെയാണ് ഒരു രക്ഷാകർത്തൃസമിതി അംഗം വീട്ടിലെത്തി പരിക്ക് പറ്റിയ വിവരം പറഞ്ഞത്. പക്ഷെ രാത്രി 12 കഴിഞ്ഞാണ് ആരോമലിനെ അദ്ധ്യാപകർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ സ്കാനിംഗിൽ കൈയ്ക്ക് ഗുരുതരമായ പൊട്ടലുണ്ടെന്ന് കണ്ടെത്തി. ഇതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ഭിന്നശേഷിക്കാരനായ ആരോമലിന്റെ പിതാവ് മണികണ്ഠൻ ആചാരി കൂലിപ്പണിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. മകന്റെ തുടർ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് മണികണ്ഠൻ ആചാരിയും ഭാര്യ ജലജയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |