
ചാത്തന്നൂർ: ദേശീയപാത വികസനത്തിന്റെ നിർമ്മാണത്തിനിടെ ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷനിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പുനലൂരിലുള്ള സംസ്കരണ പ്ലാന്റിൽ നിന്ന് കൊല്ലം ഭാഗത്തേക്കുള്ള 350 എം.എം ജി.ഐ പൈപ്പാണ് പൊട്ടിയത്. പൊട്ടിയ ഭാഗത്ത് നിന്ന് മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിൽ ജലം ഏറെ നേരം ചീറ്റിയൊഴുകി. ഇതിന് പിന്നാലെ ശീമാട്ടിയിലുള്ള വാൽവ് അടച്ചെങ്കിലും പൈപ്പിലുണ്ടായിരുന്ന ഏകദേശം 20 ലക്ഷം ലിറ്റർ ജലം റോഡിലൊഴുകി പാഴായി.
ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. സർവീസ് റോഡിന്റെ നിർമ്മാണത്തിനായി റോഡിലെ മണ്ണ് നീക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. ഇതോടെ സ്ഥലത്ത് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. നൂറുകണക്കിനാളുകളും സ്ഥലത്ത് തടിച്ചുകൂടി. ഇന്നലെ രാത്രിയോടെ പൈപ്പിലെ ജലം പൂർണമായും ഒഴുകി പുറത്തുവിട്ട ശേഷമാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. ചെറിയ പൊട്ടലാണെങ്കിൽ വെൽഡ് ചെയ്ത് പരിഹരിക്കും. വലിയ പൊട്ടലാണെങ്കിൽ നിശ്ചിത സ്ഥലം മുറിച്ച് നീക്കിയ ശേഷം പുതിയ പൈപ്പ് സ്ഥാപിക്കേണ്ടി വരും. ഇന്ന് രാത്രി അറ്റകുറ്റപ്പണി പൂർത്തിയാക്കി നാളെ മുതൽ കുടിവെള്ള വിതരണം പുനരാരംഭിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
കൊല്ലത്തടക്കം കുടിവെള്ളം മുടങ്ങും
കൊല്ലം കോർപ്പറേഷനിലെ വടക്കേവിള, ഇരവിപുരം ഭാഗങ്ങളിലും പരവൂർ മുനിസിപ്പാലിറ്റിയിലും മയ്യനാട്, പൂതക്കുളം, ചിറക്കര, ചാത്തന്നൂർ പഞ്ചായത്ത് പ്രദേശങ്ങളിലും ഇന്ന് കുടിവെള്ള വിതരണം മുടങ്ങും. പൈപ്പ് പൊട്ടിയതോടെ ഈ ഭാഗങ്ങളിൽ ഇന്നലെ ഉച്ചമുതൽ കുടിവെള്ളം ലഭിക്കുന്നില്ല.
പൈപ്പ് മാറ്റാതെ റോഡ് വെട്ടിപ്പൊളിക്കൽ
ദേശീയപാതയിൽ നിലവിലുള്ള പൈപ്പുകൾക്ക് പകരം യൂട്ടിലിറ്റി ഏരിയയിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കലും നിർമ്മാണക്കരാറിന്റെ ഭാഗമാണ്. വാട്ടർ അതോറിറ്റി നാല് വർഷം മുമ്പേ ഇതിനുള്ള എസ്റ്റിമേറ്റ് നൽകിയിരുന്നു. എന്നാൽ പുതിയ പൈപ്പുകൾ സ്ഥാപിക്കാതെ റോഡ് നിർമ്മാണം നടത്തുന്നതാണ് പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകാനും മുടങ്ങാനും ഇടയാക്കുന്നത്. പൈപ്പുകൾ കടന്നുപോകുന്ന ഭാഗം സംബന്ധിച്ച് ഏകദേശ ധാരണയുണ്ടായിട്ടും യാതൊരു ശ്രദ്ധയുമില്ലാതെയാണ് റോഡ് വെട്ടിപ്പൊളിക്കുന്നത്.
പൊട്ടിയത് പ്രതിദിനം 350 ലക്ഷം ലിറ്റർ വെള്ളം വരുന്ന പൈപ്പ്
ദേശീയപാത നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടൽ പതിവ്
കൊടും വേനലിൽ വലിയളവിൽ ജലം പാഴാകുന്നു
അറ്റകുറ്റപ്പണിക്ക് തൊഴിലാളികളെ നിയോഗിച്ചു
പൈപ്പിലെ വെള്ളം ഒഴുകിത്തീരാൻ ഏറെ സമയമെടുത്തു. ഇന്ന് രാത്രിയോടെ അറ്റകുറ്റപ്പണ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |