SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

അഷ്ടമുടി കായൽ സംരക്ഷണം: നടപടികൾ വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി

കൊല്ലം: അഷ്ടമുടി കായൽ സംരക്ഷണത്തിന് വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ച് റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നത് വൈകിയതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഹൈക്കോടതി കഴിഞ്ഞ അവധിയിൽ നിർദ്ദേശിച്ച പ്രകാരമുള്ള റിപ്പോർട്ട് ഇന്നലെ രാവിലെ മാത്രം ഫയൽ ചെയ്തതിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചത്.

തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുമാണ് യോഗം വിളിച്ചുകൂട്ടി റിപ്പോർട്ട് ഫയൽ ചെയ്യേണ്ടിയിരുന്നത്. ഈ മാസം 5 ന് കോടതി ഉത്തരവ് നൽകിയെങ്കിലും 17ന് മാത്രമാണ് യോഗം ചേർന്നത്. ഹർജി കക്ഷികളായ അഡ്വ. ബോറിസ് പോൾ, ഹെൽപ്പ് ഫൗണ്ടേഷൻ എന്നിവർ കോടതി നിർദ്ദേശ പ്രകാരം ഫയൽ ചെയ്ത വിശദമായ പത്രികയിൽ വിവിധ വകുപ്പുകൾ കായൽ സംരക്ഷണത്തിനായി ഉടൻ നടപ്പാക്കേണ്ട കാര്യങ്ങളും അതിന് കോടതി നൽകേണ്ട നിർദ്ദേശങ്ങളും വിവരിച്ചിട്ടുണ്ട്.

ഹർജി കക്ഷികൾ കോടതി മുമ്പാകെ സമർപ്പിച്ച പത്രികയിലെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനും അവ എന്തുകൊണ്ട് നടപ്പാക്കിക്കൂടാ എന്നതിൽ വ്യക്തമായ തീരുമാനങ്ങളെടുത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും ഉടനെ കേസിലെ എതിർകക്ഷികളായ കൊല്ലം കോർപ്പറേഷൻ, 12 ഗ്രാമ പഞ്ചായത്തുകൾ, വിവിധ സർക്കാർ വകുപ്പുകൾ, കളക്ടർ എന്നിവരുടെ സംയുക്ത യോഗം ഉടൻ നടത്തണമെന്നും റിപ്പോർട്ട് ഉടനെ സമർപ്പിക്കണമെന്നും കോടതി ഉത്തരവായി. മാർച്ച് 4 ന് കേസ് വീണ്ടും പരിഗണിക്കും. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ അജ്‌മൽ.എ കരുനാഗപ്പള്ളി, സി.എ.ധനുഷ്,എം.ആർ. പ്രിയങ്ക ശർമ്മ, എം.ജി.അനന്യ എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL