കരുനാഗപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ടൗണിൽ, വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ നടക്കുന്ന ഓട നിർമ്മാണം തലവേദനയാവുന്നു. റോഡിന് സമാന്തരമായി നിർമ്മാണം പരോഗമിക്കുന്ന ഓടകളിൽ വീണ് പരിക്കേറ്റവർ അനവധി.
ടൗണിൽ സർവീസ് റോഡിന് സമാന്തരമായാണ് ഓടകൾ നിർമ്മിക്കുന്നത്. ദേശീയപാതയും സർവ്വീസ് റോഡും കഴിഞ്ഞാണ് ഓടകളുടെ നിർമ്മാണം. ഓടയുടെ മീതേയാണ് കാൽനട യാത്രക്കാർ നടക്കുന്നത്. ടൗണിൽ ഓരോ ദിവസവും ഓരോ വിധത്തിലാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്. ടൗണിൽ ഫ്ലൈ ഓവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ കടന്ന് പോകാനും കാൽനട യാത്രക്കാർക്കുമായി വളരെ കുറച്ച് സ്ഥലം മാത്രമാണുള്ളത്. ഇതു വഴിയാണ് ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്നത്. സർവ്വീസ് റോഡുകളുടെ നിർമ്മാണം കഴിഞ്ഞ ഭാഗത്താണ് ഓടകൾ നിർമ്മിക്കുന്നത്. ഇവിടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടത്. ഓടകൾ നിർമ്മിക്കുന്ന സ്ഥലങ്ങളിൽ ഡിവൈഡർ സ്റ്റോണുകൾ സ്ഥാപിച്ച് ഇതിൽ റിഫ്ലക്ടറുകൾ ഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ വാഹനാപകട സാദ്ധ്യത വർദ്ധിക്കും. എന്നാൽ കരുനാഗപ്പള്ളി ടൗണിൽ ഓടനിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ പ്ലാസ്റ്റിക്ക് വള്ളികളാണ് വലിച്ച് കെട്ടിയിട്ടുള്ളത്. ഇത് പലതും പൊട്ടി താഴെക്കിടക്കുന്നു. രാത്രികാലങ്ങളിൽ ഡ്രൈവർമാർക്ക് അപകട സ്ഥലങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിയുന്നില്ല. അതിനാൽ ഈ കുഴികളിൽ അപകടങ്ങളും പതിവാകുന്നു.
രാത്രിയിൽ വീഴും, രാവിലെ കയറും!
രാത്രിയിൽ അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളിൽ പലതും പിറ്റേന്ന് രാവിലെയാണ് കരകയറി പോകുന്നത്. കരുനാഗപ്പള്ളി ടൗണിൽ ഡ്രൈവർമാർ നേരിടുന്ന പ്രധാന പ്രശ്നം അപകടങ്ങൾ പതിയിരിക്കുന്ന കുഴികളാണ്. ദേശീയപാതയോരത്ത് ഓടകൾ നിർമ്മിക്കുന്നതിന് മുമ്പായി അപകട സിഗ്നലുകൾ സ്ഥാപിച്ച് മുൻകരുതൽ ഏർപ്പെടുത്തേണ്ടതാണ്. എന്നാൽ ഇത്തരം ക്രമീകരണങ്ങൾ ഒന്നും കരാറുകാരന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ കരുനാഗപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തിൽ ഇക്കാര്യം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കരുനാഗപ്പള്ളി ടൗണിലെ അപകട സ്ഥലങ്ങളിൽ ഡിവൈഡർ സ്റ്റേണുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഭീഷണികൾ ഇങ്ങനെ
രാവിലെ ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവർ നേരം വൈകി തിരിച്ചെത്തുമ്പോഴാവും ഓട നിർമ്മാണം കാണുന്നത്
ശ്രദ്ധിക്കാതെ നടക്കുന്നവർ കുഴിയിൽ പതിക്കുന്നു
റിബൺ വലിച്ചു കെട്ടിയിരിക്കുന്നത് രാത്രിയിൽ ശ്രദ്ധയിൽപ്പെടാറില്ല
റിബൺ സുരക്ഷ പോലുമില്ലാതെയും പലേടത്തും ഓട നിർമ്മാണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |