കടയ്ക്കൽ: അപകടത്തിൽപ്പെട്ടവരുമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം ലോറിക്കടിയിലേക്ക് ഇടിച്ചുകയറി. എം.സി റോഡിൽ പുതുശേരിയിൽ ഇന്നലെ രാവിലെ 11.45 ഓടെ ആയിരുന്നു അപകടം. സംഭവത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു. കുട്ടികളടക്കം ആറുപേർക്ക് പരിക്കേറ്റു.
ബൈക്കിൽ സഞ്ചരിച്ച കാരേറ്റ് കൃഷ്ണാലയത്തിൽ അശ്വതിയാണ് (39) മരിച്ചത്. ഭർത്താവ് ബിനു (49), കാർ യാത്രക്കാരായ ശാസ്താംകോട്ട പോരുവഴി കോടത്ത് വടക്കതിൽ വീട്ടിൽ ഷാജി (49), ഭാര്യ ഷഹാന (38), മക്കളായ ആദം (7), അമാൻ (6), ഡ്രൈവർ നെട്ടേത്തറ സരസ്വതി വിലാസത്തിൽ പ്രസാദ് (58) എന്നിവർക്കാണ് പരിക്കേറ്റത്.
എം.സി റോഡിൽ ആയൂർ ഭാഗത്തുനിന്ന് നിലമേൽ ഭാഗത്തേക്ക് വന്ന ലോറി പെട്ടെന്ന് വലത്തോട്ടെടുത്തപ്പോൾ ചടയമംഗലം ഭാഗത്തുനിന്ന് വന്ന കാർ തൊട്ടുമുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. കടയ്ക്കലിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അശ്വതിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ അശ്വതി പിന്നീട് മരിച്ചു.
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് രാവിലെ വീട്ടിലേക്ക് വരികയായിരുന്ന ഷാജിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ആദ്യം ചടയമംഗലം നെട്ടേത്തറയിൽ വച്ച് അപകടത്തിൽപ്പെട്ടിരുന്നു. വൈദ്യുതി തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഷാജിയെയും കുടുംബത്തെയും പ്രസാദ് ഓടിച്ചിരുന്ന കാറിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴായിരുന്നു രണ്ടാമത്തെ അപകടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |