SignIn
Kerala Kaumudi Online
Friday, 23 October 2026 10.31 AM IST

റെയിൽവേ ട്രാക്ക്: അട്ടിമറി അവർത്തിക്കുന്നു, സുരക്ഷയിൽ അവ്യക്തത

എഴുകോൺ: റെയിൽവേ പാളങ്ങൾ കേന്ദ്രീകരിച്ച് അട്ടിമറി ശ്രമങ്ങൾ ആവർത്തിച്ചിട്ടും സുരക്ഷാ നിരീക്ഷണം ഒരുക്കുന്നതിൽ അവ്യക്തത തുടരുന്നു. ട്രാക്കുകളിൽ വലിയ തടികളും ഇരുമ്പ് തൂണുകളും മറ്റും കൊണ്ടിട്ടുള്ള 20 ഓളം അട്ടിമറി ശ്രമങ്ങളാണ് സംസ്ഥാനത്ത് അടുത്തകാലത്തുണ്ടായത്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം കൊല്ലം ചെങ്കോട്ട പാതയിൽ കുണ്ടറ ആറുമുറിക്കടയിലും ഉണ്ടായത്.

കേസിൽ അറസ്റ്റിലായ രണ്ടുപേർക്കുമെതിരെ അട്ടിമറി ശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ ഭൂരിഭാഗം കേസുകളിലും പ്രതികളെ കണ്ടെത്താനാകാതെ അവസാനിപ്പിക്കുകയാണ് പതിവ്. പലപ്പോഴും വിജനമായ ഉൾപ്രദേശങ്ങളിലെ ട്രാക്കുകളിലാണ് അട്ടിമറി ശ്രമങ്ങൾ. ചെങ്കോട്ട പാതയിൽ എഴുകോൺ ഭാഗത്ത് മുമ്പും ട്രാക്കിൽ തടസം സൃഷ്ടിച്ചിട്ടുണ്ട്.

2020 മാർച്ചിൽ കല്ലുംപുറത്ത് ട്രാക്കിന് കുറുകെ വച്ച വലിയ കാറ്റാടി തടി പാലരുവി എക്സപ്രസ് ഇടിച്ചു തെറിപ്പിച്ചിരുന്നു. നേരത്തെ ഇരവിപുരത്ത് ട്രാക്കിന് കുറുകെ കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചും വർക്കല കാപ്പിൽ തെങ്ങിൻകുറ്റിയിട്ടുമാണ് അപകടം വരുത്താൻ ശ്രമിച്ചത്.

നാളുകൾക്ക് മുമ്പ് കണ്ണൂർ ജില്ലയിൽ പഴയങ്ങാടി, വളപട്ടണം, പാപ്പിനിശേരി, കണ്ണൂർ, തോട്ടട എന്നിവിടങ്ങളിൽ ട്രാക്കിൽ തടസങ്ങൾ സൃഷ്ടിച്ചിരുന്നു. കോഴിക്കോട് ഫറോക്ക്, കാസർകോട് കളനാട്, മഞ്ചേശ്വരം, കായംകുളം എന്നിവിടങ്ങളിലും ഭാരമേറിയ വസ്തുക്കൾ ഉപയോഗിച്ച് ട്രെയിൻ തടസപ്പെടുത്താൻ ശ്രമിച്ചിരുന്നു.

രാജ്യത്താകമാനം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ നിരീക്ഷണ ക്യാമറകളടക്കമുള്ള ശാസ്ത്രീയ സാദ്ധ്യതകൾ തേടണമെന്ന അഭിപ്രായമാണ് ഉയരുന്നത്.

യുവാക്കളുടെ ഇടപെടൽ നിർണായകം

കഴിഞ്ഞ ദിവസത്തെ സംഭവത്തിലും നാട്ടുകാരായ യുവാക്കളുടെ ഇടപെടലാണ് നിർണായകമായത്. ദീർഘദൂര യാത്ര കഴിഞ്ഞ് രാത്രി വൈകി വീട്ടിലെത്തിയ കുണ്ടറ ഈസ്റ്റ് കൊച്ചുവീട്ടിൽ വിഷ്ണു, സഹോദരനായ മുണ്ടുമാംവിള വീട്ടിൽ സുദിൻ ബാബു എന്നിവരാണ് സംഭവം ആദ്യം കണ്ടത്. പോസ്റ്റ് മാറ്റാൻ ശ്രമിച്ചെങ്കിലും ഭാരക്കൂടുതൽ കാരണം വിജയിച്ചില്ല. തുടർന്നാണ് ഇരു വശങ്ങളിലുമുള്ള ഗേറ്റ് കീപ്പർമാരെ വിവരം അറിയിച്ചത്.

ശുഭ്ര നക്ഷത്രമായി അനുജിത്ത്

ഇരുമ്പനങ്ങാട് സ്വദേശിയായ അനുജിത്ത് എന്ന വിദ്യാർത്ഥി തന്റെ ചുവന്ന നിറത്തിലുള്ള പുസ്കസഞ്ചി വീശി എഴുകോണിൽ 2010 ആഗസ്റ്റ് 30ന് ട്രെയിൻ നിറുത്തിച്ചിരുന്നു. ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ വിദ്യാർത്ഥിയായിരുന്ന അനുജിത്ത് എഴുകോൺ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുവരുന്നതിനിടെയാണ് പാളത്തിലെ വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. അര കിലോമീറ്റർ അപ്പുറമുള്ള സ്റ്റേഷനിലേക്ക് ഓടിയെങ്കിലും അതിന് മുമ്പേ കൊല്ലം-പുനലൂർ പാസഞ്ചർ സ്റ്റേഷൻ വിട്ടിരുന്നു. തുടർന്നായിരുന്നു അപകടം ഒഴിവാക്കാൻ പുസ്തകസഞ്ചി വീശൽ. പത്ത് വർഷത്തിന് ശേഷം അനുജിത്ത് ബൈക്ക് അപകടത്തിൽ മരിച്ചു. എന്നാൽ ഹൃദയം, വൃക്കകൾ, കണ്ണുകൾ, കൈകൾ ഉൾപ്പടെയുള്ള അവയവങ്ങൾ എട്ടുപേർക്ക് ദാനം ചെയ്തിരുന്നു. ഹൃദയം ഹെലികോപ്ടറിലാണ് കൊച്ചിയിലെത്തിച്ചത്. അനുജിത്തിന്റെ രക്ഷാദൗത്യം അന്ന് വീണ്ടും ചർച്ചയായിരുന്നു,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL