
പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ജനസാന്ദ്രതയേറിയ തോട്ടം മേഖലയിൽ പട്ടാപ്പകൽ കാട്ടാനകൾ ഇറങ്ങി. ഇതോടെ തൊഴിലാളികളും കാൽനട-വാഹന യാത്രക്കാരും കടുത്ത ഭീതിയിൽ. ഇന്നലെ വൈകിട്ട് 5 ഓടെ നെടുംപാറയ്ക്കും കഴുതുരുട്ടിക്കും മദ്ധ്യേ കടന്നുപോകുന്ന എസ്റ്റേറ്റ് റോഡിന് സമീപത്തെ റബർ തോട്ടത്തിലാണ് രണ്ട് കാട്ടനകൾ ഇറങ്ങിയത്.
തുടർന്ന് അമ്പനാട്-കഴുതുരുട്ടി എസ്റ്റേറ്റ് റോഡിൽ കയറിയ കാട്ടാനകൾ ഗതാഗതവും തടസപ്പെടുത്തി. ഏറെ നേരത്തിന് ശേഷമാണ് ആനകൾ വനത്തിലേക്ക് കയറിപ്പോയത്. സംഭവ സമയത്ത് എസ്റ്റേറ്റ് റോഡിലൂടെ മാമ്പഴത്തറയിൽ നിന്ന് പുനലൂരിലേക്ക് കടന്നുവന്ന കെ.എസ്.ആർ.ടി.സി ബസും മറ്റ് സ്വകാര്യ വാഹനങ്ങളും നിറുത്തിയിട്ടു. നെടുംപാറയ്ക്ക് പുറമെ മാമ്പഴത്തറ, കുറവൻതാവളം, ഉപ്പുകുഴി റോഡിലും കാട്ടാനകൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്.
ആനകൾക്ക് പുറമെ പുലി, കടുവ, കാട്ടുപോത്ത്, പന്നി, കരടി തുടങ്ങി നിരവധി വന്യമൃഗങ്ങളാണ് പ്രദേശത്ത് ഭീതി പരത്തുന്നത്. പുലി വളർത്ത് മൃഗങ്ങളെ വ്യാപകമായി കടിച്ചുകൊല്ലുന്നതും പതിവായി. തെന്മല വാലി എസ്റ്റേറ്റിലെ ആനച്ചാടി, മെത്താപ്പ്, ഇരുളൻകാട്, 27മല, പൂന്തോട്ടം, വെഞ്ച്വർ, തഴെ ആനച്ചാടി എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാണ്.
എസ്റ്റേറ്റിനോട് ചേർന്ന് വനാതിർത്തികളിൽ സൗരോർജ്ജ വേലികളും കിടങ്ങുകളും സ്ഥാപിക്കാത്തതാണ് തോട്ടം മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമാകാൻ കാരണം.
തോട്ടം തൊഴിലാളികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |