SignIn
Kerala Kaumudi Online
Friday, 23 October 2026 1.01 AM IST

വിഴിഞ്ഞം വികസനം പോലെ: കൊല്ലം പോർട്ടിലും പി.പി.പി മോഡൽ

കൊല്ലം: അദാനി ഗ്രൂപ്പുമായി ചേർന്നുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനം പോലെ സ്വകാര്യ പങ്കാളിത്തത്തോടെ കൊല്ലം അടക്കമുള്ള ചെറുകിട തുറമുഖങ്ങളും വികസിപ്പിക്കാൻ കേരള മാരിടൈം ബോർഡിന്റെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച രൂപരേഖയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട കൂടുതൽ വിശദാംശങ്ങൾ മാരിടൈം ബോർഡ് നൽകിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാലുടൻ ആദ്യം താല്പര്യപത്രവും തുടർന്ന് ടെണ്ടറും ക്ഷണിക്കും.

ചെറുകിട തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ചരക്ക്, ക്രൂയീസ് സർവീസുകൾ നടത്താൻ മാരിടൈം ബോർഡ് നേരിട്ട് നടത്തിയ ശ്രമങ്ങൾ ലക്ഷ്യത്തിലെത്താത്ത സാഹചര്യത്തിലാണ് സ്വകാര്യ കമ്പനികളെ പങ്കാളികളാക്കാൻ ആലോചിക്കുന്നത്. പങ്കാളിയാകുന്ന സ്വകാര്യ കമ്പനിക്ക് നിശ്ചിത കാലത്തേക്ക് പോർട്ട് കൈമാറും. പോർട്ടിന്റെ അടിസ്ഥാന സൗകര്യ വികസനം, ക്രൂയിസ്, പാസഞ്ചർ, ചരക്ക് സർവീസുകളുടെ ഓപ്പറേഷൻ, പോർട്ടിന്റെ ഒഴിഞ്ഞ ഭൂമിയിൽ വിവിധ വ്യവസായ യൂണിറ്റുകൾ തുടങ്ങിയവ സ്വകാര്യ കമ്പനിക്ക് നടത്താം. ലാഭത്തിന്റെ നിശ്ചിത ഭാഗം മാരിടൈം ബോർഡിന് കൈമാറുന്ന തരത്തിലാകും കരാർ. 50 വർഷത്തേക്ക് വരെ സ്വകാര്യ പങ്കാളിക്ക് കൈമാറാനാണ് സാദ്ധ്യത. വിഴിഞ്ഞം, അഴീക്കൽ, ബേപ്പൂ‌ർ പോർട്ടുകളിലും സമാനമായ പദ്ധതിക്ക് ആലോചനയുണ്ട്.


കണ്ണെത്തും ദൂരത്ത് വികസനം

 അന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്ത്
 ക്രൂ ചെയ്ഞ്ചിംഗിന് കൂടുതൽ സാദ്ധ്യത
 ഉൾനാടൻ ജലാശയങ്ങളിലേക്ക് ക്രൂയിസ് സാദ്ധ്യത

 നിലവിൽ 5.20 മുതൽ 6 മീറ്റർ വരെ ഡ്രാഫ്ട്
 ഡ്രഡ്ജിഗ് നടത്തിയാൽ 10 മീറ്റർ വരെ ആഴം

 10 എക്കറിൽ യാർഡ്

 178, 101 മീറ്റർ വീതമുള്ള വാർഫുകൾ

 എമിഗ്രേഷൻ സൗകര്യം

 ഐ.എസ്.പി.എസ് അംഗീകാരം

സാദ്ധ്യതകൾ

 ക്രൂയിസ് സർവീസ്

 ഫീഡർ സർവീസ്

 ലോജിസ്റ്റിക് പാർക്ക്

 ഭക്ഷ്യ സംസ്കരണം

 വെയർഹൗസിംഗ്

സർക്കാരിന്റെ അനുമതി ലഭിച്ചാൽ 15 ദിവസത്തിനുള്ളിൽ സ്വകാര്യ പങ്കാളിത്തത്തിനുള്ള താല്പര്യപത്രം ക്ഷണിക്കും.

എൻ.എസ്.പിള്ള, ചെയർമാൻ

കേരള മാരിടൈം ബോർഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL