എഴുകോൺ: സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും പദ്ധതി നിർവഹണത്തിൽ, ഒച്ചിഴയുംപോലെ തദ്ദേശ സ്ഥാപനങ്ങൾ.
സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ മൂന്നെണ്ണം മാത്രമാണ് 50 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചത്. 23 മുനിസിപ്പാലിറ്റികളും 7 ജില്ലാ പഞ്ചായത്തുകളും 30 ബ്ലോക്ക് പഞ്ചായത്തുകളും നിലവിൽ 50 ശതമാനത്തിന് മുകളിൽ ചെലവഴിച്ചിട്ടുണ്ട്.
250 ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് ബഡ്ജറ്റ് വിഹിതത്തിന്റെ പകുതിയിലധികം ചെലവഴിച്ചത്. 56.59 ശതമാനം ചെലവഴിച്ച തൃശൂരാണ് കോർപ്പറേഷനുകളിൽ മുന്നിൽ. കൊല്ലവും (55.82), തിരുവനന്തപുരവും (50.22) രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മുനിസിപ്പാലിറ്റികളിൽ സുൽത്താൻ ബത്തേരിയാണ് (69.05) മുന്നിൽ. മഞ്ചേരിയും തലശേരിയും തൊട്ടുപിന്നിലുണ്ട്.
കൊല്ലത്തെ നഗരസഭകളുടെ പദ്ധതി നിർവഹണം പരിതാപകരമാണ്. സംസ്ഥാന അടിസ്ഥാനത്തിൽ 27-ാം സ്ഥാനത്തുള്ള പരവൂർ 48.87 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. കരുനാഗപ്പള്ളി 36.28, കൊട്ടാരക്കര 33.8, പുനലൂർ 28.38 എന്നിങ്ങനെയാണ് മറ്റു നഗരസഭകളുടെ പ്രകടനം. ജില്ലാ പഞ്ചായത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് കൊല്ലം (56.12). ആകെയുള്ള 76.44 കോടിയുടെ പദ്ധതികളിൽ 42.90 കോടിയാണ് ഇതിനകം ചെലവഴിച്ചത്. മലപ്പുറവും കണ്ണൂരുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബ്ലോക്ക് പഞ്ചായത്തുകളുടെ 73.32 ശതമാനം ചെലവഴിച്ച എറണാകുളത്തെ ഇടപ്പള്ളിയാണ് മുന്നിൽ. അഞ്ചാം സ്ഥാനത്തുള്ള പത്തനാപുരം (66,56) കൊല്ലത്തിന്റെ ആശ്വാസമായി.
ആദ്യ 50ൽ രണ്ട് പഞ്ചായത്തുകൾ
ഗ്രാമ പഞ്ചായത്തുകളിൽ കണ്ണൂരിലെ ചിറയ്ക്കൽ (71.17), തൃശൂരിലെ അവിനിശേരി (69.02), കരളം (66.67) പഞ്ചായത്തുകൾ നല്ല പുരോഗതി നേടി. ആദ്യ 50 സ്ഥാനക്കാരിൽ ജില്ലയിലെ മൺറോത്തുരുത്ത്, ചാത്തന്നൂർ പഞ്ചായത്തുകൾ മാത്രമാണുള്ളത്. ഇതിൽ 1.44 കോടിയുടെ പദ്ധതികൾ മാത്രമാണ് മൺറോത്തുരുത്തിലുള്ളത്. 39 -ാം സ്ഥാനത്തുള്ള അവർ 87 ലക്ഷമാണ് (60.42%) ചെലവഴിച്ചത്. ചാത്തന്നൂർ (59.88) 46-ാം സ്ഥാനത്താണ്.
ഇനി 25 പ്രവൃത്തി ദിനങ്ങൾ
കൂടുതൽ തുക ചെലവഴിച്ച ആദ്യത്തെ 100 പഞ്ചായത്തുകളുടെ പട്ടികയിൽ മൺറോത്തുരുത്തിനും ചാത്തന്നൂരിനും പിന്നാലെ പൂതക്കുളവും, വിളക്കുടിയുമാണ് ജില്ലയിൽ നിന്നുള്ള മറ്റ് രണ്ട് സ്ഥാപനങ്ങൾ. 54, 99 എന്നീ സ്ഥാനങ്ങളിലാണിവർ. പോരുവഴി, നെടുമ്പന, കുളക്കട, ഇട്ടിവ, വെളിനല്ലൂർ, പന്മന, പനയം എന്നിവയും ജില്ലയിൽ 50 ശതമാനത്തിന്റെ കടമ്പ കടന്നു. ഇനി 25 പ്രവൃത്തി ദിനങ്ങളാണ് ചെലവഴിക്കാൻ ബാക്കിയുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |