കൊല്ലം: ക്ഷേത്രോത്സവ ഘോഷയാത്രയ്ക്ക് ശേഷം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് എസ്.സുഭാഷ് കണ്ടെത്തി. ഇരവിപുരം വില്ലേജിൽ താന്നി ചേരിയിൽ താന്നി സെന്റ് മൈക്കിൾസ് പള്ളിക്ക് സമീപം കടപ്പുറം പുരയിടത്തിൽ താമസിക്കുന്ന ജോയി (26) എന്ന ജാസ്മൻ കൊല്ലപ്പെട്ട കേസിൽ ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി ഭാഗത്ത് കൊച്ചുപള്ളിക്ക് സമീപം വാലക്കര കിഴക്കതിൽ വീട്ടിൽ ശീമാട്ടി എന്ന് വിളിക്കുന്ന സജീവിനെയാണ് (43) കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.സുജാതൻ പിള്ള രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന പി.പങ്കജാക്ഷനാണ് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടറായിരുന്ന പി.അനിൽ കുമാർ പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അസി. സബ് ഇൻസ്പെക്ടർ എ.സാജുവാണ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി.
2018 ഫെബ്രുവരി 20ന് രാത്രി 8.45 നാണ് കേസിനാസ്പദമായ സംഭവം. ഇരവിപുരം താന്നി സ്വർഗപുരം ക്ഷേത്രത്തിലെ ഉത്സവസമാപന ദിവസം രാത്രി ഉത്സവ ഘോഷയാത്രയ്ക്ക് ശേഷമായിരുന്നു സംഭവം. ജാസ്മനും കേസിലെ രണ്ടാം സാക്ഷിയായ അച്ചു ആനന്ദും തമ്മിൽ താന്നി ജംഗ്ഷനിൽ നിന്ന് കടപ്പുറത്തേക്ക് പോകുന്ന റോഡിൽ സംസാരിച്ച് നിൽക്കെ അവിടെയെത്തിയ പ്രതിയും ജാസ്മനും തമ്മിൽ വഴക്കുണ്ടാവുകയും കൈവശമുണ്ടായിരുന്ന കത്തിക്ക് ജാസ്മന്റെ കഴുത്തിലും വയറ്റിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തുകയായിരുന്നു. ജാസ്മനെ മയ്യനാട് വിശ്വനാഥൻ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വഴക്കിനിടയിൽ പ്രതിക്കും പരിക്കേറ്റിരുന്നു. സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതി കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിവരം അറിഞ്ഞെത്തിയ കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരവിപുരം പൊലീസ് എത്തി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |