ജില്ലയിൽ കുടിശിക
₹ 75.69 കോടി
കൊല്ലം: കഴിഞ്ഞ രണ്ടര മാസമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നില്ല. ജില്ലയിൽ മാത്രം 75.69 കോടിയാണ് കൂലി കുടിശിക. ഡിസംബർ പകുതിക്ക് ശേഷം തൊഴിലാളികളുടെ അക്കൗണ്ടിൽ കൂലി എത്തിയിട്ടില്ല. ഈ സാമ്പത്തികവർഷം നവംബർ വരെ എല്ലാമാസവും കൃത്യമായി കൂലി ലഭിച്ചിരുന്നതാണ്.
കൂലി കിട്ടാത്തതിനാൽ മരുന്ന് വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ചില തൊഴിലുറപ്പ് തൊഴിലാളികൾ. അതേസമയം നിർമ്മാണ സാധനങ്ങൾക്കും സാമഗ്രികൾക്കുള്ള കുടിശിക പൂർണമായും തീർത്തു. തൊഴിലുറപ്പ് തൊഴിലാളികളിലെ മേറ്റുമാർ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മേറ്റായി ജോലി ചെയ്ത ദിവസങ്ങളിലെ 700 രൂപ വീതം കൂലിയും ലഭിച്ചിട്ടുണ്ട്.
സാമ്പത്തിക വർഷത്തിന്റെ ആദ്യമൊഴികെ ബാക്കി മാസങ്ങളിൽ ശരാശരി 10 ലക്ഷം തൊഴിൽ ദിനങ്ങൾ ജില്ലയിൽ നൽകുന്നുണ്ട്. ഈ സാമ്പത്തിക വർഷം 1.05 കോടി തൊഴിൽ ദിനങ്ങൾ നൽകുകയാണ് ലക്ഷ്യം. നിലവിൽ കൂലിയും സാധന സാമഗ്രികളുടെ ചെലവും സഹിതം ഈ സാമ്പത്തികവർഷം ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 353 കോടിയാണ് ചെലവിട്ടത്.
തൊഴിൽ ദിനങ്ങൾ ഉയർത്തിയില്ല
60 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലയ്ക്ക് കേന്ദ്ര തൊഴിലുറപ്പ് മിഷൻ അനുവദിച്ചത്
ഇന്നലെ വരെ 86.50 ലക്ഷം തൊഴിൽദിനങ്ങൾ നൽകി
മുൻവർഷങ്ങളിൽ ഫെബ്രുവരി ആദ്യം തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചിരുന്നു
ഇത്തവണ അതുണ്ടാകാത്തതിനാൽ കൂലിയും വൈകിപ്പിക്കുന്നു
ജില്ലയിൽ തൊഴിൽ ദിനങ്ങൾ, ചെലവിട്ട തുക
2021-22- ₹95 ലക്ഷം, ₹378 കോടി
2022-23- ₹94 ലക്ഷം, ₹369 കോടി
2023-24- ₹99 ലക്ഷം, ₹375 കോടി
2024-25 ഇതുവരെ- ₹86.50 ലക്ഷം, ₹353 കോടി
തൊഴിലുറപ്പ് അംഗങ്ങൾ-6.12 ലക്ഷം
സജീവ അംഗങ്ങൾ-2.5 ലക്ഷം
നിലവിലെ കൂലി ₹ 346
കുടിശിക തീർത്ത് തരുമ്പോൾ ഒരുമിച്ച് വലിയ തുക കിട്ടും. പക്ഷെ കഴിഞ്ഞ രണ്ടുമാസമായി വലിയ ബുദ്ധിമുട്ടിലാണ്. വീട്ടുചെലവിന് പണമില്ലാത്ത അവസ്ഥയാണ്.
ആർ.സതി, തൊഴിലുറപ്പ് തൊഴിലാളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |