SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

കൊല്ലം: ക്ഷേത്രോത്സവത്തിനിടയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയ്ക്കും കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് എസ്.സുഭാഷ് ശിക്ഷിച്ചു. ഇരവിപുരം താന്നി സെന്റ് മൈക്കിൾസ് പള്ളിക്ക് സമീപം കടപ്പുറം പുരയിടത്തിൽ ജാസ്മനെ (26) കൊലപ്പെടുത്തിയ കേസിൽ ആലപ്പുഴ കീരിക്കാട് വാലക്കര കിഴക്കതിൽ വീട്ടിൽ ശീമാട്ടി എന്ന് വിളിക്കുന്ന സജീവിനെയാണ് (43) ശിക്ഷിച്ചത്.

പിഴ ഒടുക്കാതിരുന്നാൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ ഒടുക്കിയാൽ മരണപ്പെട്ട ജാസ്മന്റെ മാതാവിന് നൽകാനും വിധിയിൽ പറയുന്നു. 2018 ഫെബ്രുവരി 20ന് രാത്രി 8.45 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരവിപുരം താന്നിയിലുള്ള ക്ഷേത്രത്തിലെ ഉത്സവസമാപന ദിവസം രാത്രി ഘോഷയാത്രയിൽ ജാസ്മനും പങ്കെടുത്തിരുന്നു. അതിന് ശേഷം ജാസ്മൻ താന്നി ജംഗ്ഷനിൽ സുഹൃത്തായ അച്ചു ആനന്ദും തമ്മിൽ കടപ്പുറത്തേക്ക് പോകുന്ന റോഡിൽ സംസാരിച്ച് നിൽക്കവേ പ്രതിയുമായി വഴക്കുണ്ടായി. ഇതിനിടയിൽ പ്രതി കൈവശം കരുതിയിരുന്ന കത്തിക്ക് കഴുത്തിലും വയറ്റിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തുകയായിരുന്നു. ജാസ്മനെ മയ്യനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതി കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞ് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത് ഇരവിപുരം പൊലീസിന് കൈമാറുകയായിരുന്നു. കത്തി വള്ളക്കടവ് സുനാമി ഫ്ലാറ്റിനടുത്തുള്ള പാലത്തിന് അടിയിൽ നിന്ന് കണ്ടെടുത്തു. ഇരവിപുരം സ്വദേശിയായ പ്രതി വിവാഹം കഴിച്ച ശേഷം ആലപ്പുഴയിലെ ഭാര്യ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഉത്സവം പ്രമാണിച്ചാണ് സംഭവ ദിവസം താന്നിയിലെത്തിയത്. ഇരവിപുരം സബ് ഇൻസ്പക്ടർ എം.സുജാതൻ പിള്ള രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന ബി.പങ്കജാക്ഷനാണ് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടറായിരുന്ന പി.അനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL