കൊല്ലം: ശക്തികുളങ്ങരയിൽ വീണ്ടും പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. ആൽത്തറമൂട് പമ്പ് ഹൗസിന് സമീപം ഇന്നലെ പൈപ്പ് പൊട്ടിയതിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് തൊഴിലാളികൾ മടങ്ങി മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് ഇതേ സ്ഥലത്ത് വീണ്ടും ചോർച്ച ഉണ്ടായത്. ഇതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കൽ അനന്തമായി നീളുകയാണ്.
നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് ദേശീയപാത നിർമ്മാണ തൊഴിലാളികൾ പൈപ്പ് ലൈൻ പൊട്ടിക്കുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയതിനെ തുടർന്ന് കളക്ടർ, അസിസ്റ്റന്റ് എൻജിനിയർ, കൗൺസിലർമാർ തുടങ്ങിയവർ സ്ഥലത്തെത്തി നിലവിലെ പ്രശ്നം എത്രയും വേഗം പരിഹരിക്കും എന്ന ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളെ ആകെ വലച്ച് വീണ്ടും പൈപ്പ് പൊട്ടിയത്. അറ്റകുറ്റപ്പണികൾ വേഗത്തിൽ തീർത്തുകഴിഞ്ഞാൽ രണ്ട് ദിവസത്തിനകം പ്രദേശത്ത് കുടിവെള്ളം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ ഇന്നലത്തെ സംഭവത്തൊടെ പ്രദേശത്ത് കുടിവെള്ളം എത്താൻ ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും.
പൈപ്പ് പൊട്ടിയതിന്റെയും നന്നാക്കുന്നതിന്റെയും പേരിൽ പല ഡിവഷനുകളിലും ആഴ്ചകളോളം കുടിവെള്ളം കിട്ടാറില്ല. വലിയ തുക കൊടുത്ത് വെള്ളം വാങ്ങിയാൽ അത് ഒന്നിനും തികയാറുമില്ല. മരുത്തടി, ശക്തികുളങ്ങര, മീനത്തുചേരി, കാവനാട്, ആലാട്ട്കാവ്, കന്നിമേൽ, വള്ളിക്കീഴ് ഡിവിഷനിലെ ജനങ്ങളെയാണ് കുടിവെള്ളപ്രശ്നം ഏറ്റവും വലയ്ക്കുന്നത്. പൊട്ടിയ പൈപ്പ് നന്നാക്കുന്നതിന് പ്രധാന വാൽവ് അടച്ചാൽ ഡിവിഷനുകളിൽ വെള്ളം എത്തിച്ചേരാൻ ഒരാഴ്ചയോളം വേണ്ടിവരും. ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാത നിർമ്മാണ കരാറുകാരും വാട്ടർ അതോറിട്ടിയും തമ്മിലുള്ള ശീതസമരവും പലപ്പോഴും ഈ പ്രദേശങ്ങളിൽ കുടിവെള്ളം മുടക്കുന്നുണ്ട്.
ഇപ്പോഴത്തെ ബുദ്ധിമുട്ടിന്റെ വീഡിയോ പകർത്തി അധികൃതർക്ക് നൽകി. ഇതുവരെ ആരും വ്യക്തമായ മറുപടി നൽകിയിട്ടില്ല. പ്രശ്ന പരിഹാരം കണാതെ മുന്നോട്ട് പോകാനാകില്ല.
ദീപു ഗംഗാധരൻ, കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |