പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ ചുട്ടുപൊള്ളുന്ന ചൂടിന് കുളിരേകി വേനൽ മഴ പെയ്തിറങ്ങി. വെള്ളിയാഴ്ച അർദ്ധ രാത്രിയിലും ഇന്നലെ ഉച്ചയോടെയുമാണ് വേനൽമഴ തിമിർത്ത് പെയ്തത് പുനലൂരിലും സമീപ പ്രദേശങ്ങളിലും രണ്ടാഴ്ച മുമ്പ് 38.06 ഡിഗ്രി സെലഷ്യസ് പകൽ താപ നില രേഖപ്പെടുത്തിയിരുന്നു. രണ്ട് വേനൽ മഴ പെയ്തതോടെ ഇതിന് തെല്ല് ആശ്വാസമായി.
ശക്തമായ വേനൽ മഴയെ തുടർന്ന് ആര്യങ്കാവ് പാലരുവി ജല പാതത്തിലും തീരോഴുക്ക് വർദ്ധിച്ചു. ഇതിനൊപ്പം തമിഴ്നാട് കുറ്റാലത്തും പരിസര പ്രദേശങ്ങളിലും കനത്ത വേനൽ മഴയാണ് കഴിഞ്ഞ ദിവസം പകൽ പെയ്തത്. ഇതോടെ തമിഴ്നാട്ടിലെ വന മേഖലകളിൽ നിന്ന് മലവെള്ളം ഒഴുകിയെത്തി കുറ്റാലത്ത് ശക്തമായ വെള്ളച്ചാട്ടമാണ് അനുഭവപ്പെടുന്നത്. കുറ്റാലത്തെ മല നിരക്കുകളിലെ പാറക്കെട്ടുകളിൽ നിന്ന് 200 അടിയോളം ഉയരത്തിൽ ശക്തമായ മല വെള്ളപ്പാച്ചിലാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇത് കണക്കിലെടുത്ത് ഇവിടെ കുളിക്കുന്നതും മറ്റും അധികൃതർ താത്കാലികമായി നിരോധിച്ചു.
കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി രൂപപ്പെട്ട മലവെള്ളപ്പാച്ചിലിൽ കുറ്റാലത്തെ ജലപാതത്തിന് താഴെ കുളിച്ചുകൊണ്ട് നിന്ന ഒരു കുട്ടി ഒഴുകിപ്പോയി മരിച്ചിരുന്നു. എന്നാൽ പാലരുവി ജലപാതത്തിലെ നീരോഴുക്ക് വർദ്ധിച്ചതോടെ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തമിഴ്നാട് കുറ്റാലത്തിന് പുറമെ ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലും പുനലൂർ നഗരസഭ പ്രദേശങ്ങളിലും വേനൽ മഴ ലഭിച്ചതോടെ ജനങ്ങൾ ആശ്വാസത്തിലാണ്. എന്നാൽ നഗരസഭയിലെയും, പഞ്ചായത്തുകളിലെയും ഉയർന്ന പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |