SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

ദേശീയപാത കരാർ കമ്പനിക്ക് കളക്ടറുടെ കർശന നിർദ്ദേശം: 'പൈപ്പ് പൊട്ടിയാൽ അപ്പോൾ നന്നാക്കണം'

കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടിയാൽ അപ്പോൾ തന്നെ നന്നാക്കണമെന്ന് ദേശീയപാത കരാർ കമ്പനികൾക്ക് കളക്ടർ എൻ.ദേവിദാസ് കർശന നിർദേശം നൽകി. പൈപ്പ് പൊട്ടിക്കൽ പതിവായ സാഹചര്യത്തിൽ സുജിത്ത് വിജയൻപിള്ള എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും കരാർ കമ്പനി ഉദ്യോഗസ്ഥരും പങ്കെടുത്ത് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലായിരുന്നു നിർദ്ദേശം.

പൈപ്പ് പൊട്ടിയാൽ അപ്പോൾ തന്നെ നന്നാക്കാനുള്ള സാമഗ്രികളും തൊഴിലാളികളും ഒപ്പം ഉണ്ടാകണം. കുടിവെള്ളം പാഴായി ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യം സൃഷ്ടിക്കരുത്. ജനങ്ങളുടെ പരാതികൾ കേൾക്കാൻ മലയാളികളായ ജീവനക്കാരെ നിർമ്മാണത്തിന്റെ മേൽനോട്ടത്തിന് നിയോഗിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്ന സാഹചര്യം ഒഴിവാക്കാൻ യൂട്ടിലിറ്റി ഏരിയയിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് അതിലൂടെ കുടിവെള്ള വിതരണത്തിനുള്ള സാഹചര്യം ഒരുക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ പുതുതായി സ്ഥാപിക്കുന്ന 750 എം.എം പൈപ്പുകൾ ബന്ധിപ്പിക്കുന്ന സാമഗ്രികൾ ഇല്ലാത്തതിനാൽ ഇപ്പോഴേ മാറ്റാനാവില്ലെന്നായിരുന്നു കരാർ കമ്പനിക്കാരുടെ മറുപടി. പൈപ്പുകളുടെ അറ്റകുറ്റപ്പണിയുടെ മേൽനോട്ടത്തിന് വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ കരാർ കമ്പനി സ്വന്തം ചെലവിൽ നിയോഗിക്കണമെന്നും കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ ശക്തികുളങ്ങര ഭാഗത്ത് ഇന്നലെയും പൈപ്പിന് ചെറിയ പൊട്ടലുണ്ടായി. ഇതുവരെ പൈപ്പ് പൊട്ടുമ്പോൾ കുടിവെള്ളം പാഴാകാതിരിക്കാൻ ശാസ്താംകോട്ടയിൽ നിന്നുള്ള ലൈനിൽ പൂവൻപുഴയിലുള്ള വാൽവ് അടയ്ക്കുമായിരുന്നു. അതോടെ കാവനാട്, മീനത്തുചേരി, മരുത്തടി അടക്കമുള്ള വലിയൊരുഭാഗം പ്രദേശത്ത് കുടിവെള്ളം മുടങ്ങും. ഈ സ്ഥിതി ഒഴിവാക്കാൻ ഇന്നലെ പൈപ്പ് പൊട്ടിയിട്ടും വാൽവ് അടച്ചില്ല. പൊട്ടുന്ന ഭാഗങ്ങളിലൂടെ കുടിവെള്ളം ചോരുന്നതിനാൽ കാവനാട്, ശക്തികുളങ്ങര, മരുത്തടി, ആലാട്ട്കാവ്, കന്നിമേൽച്ചേരി ഭാഗങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ആഴ്ചകളായി കുടിവെള്ളം ലഭിക്കുന്നില്ല. ഓട നിർമ്മാണത്തിന് ജെ.സി.ബി ഉപയോഗിച്ച് കുഴി എടുക്കുന്നതിനിടയിലാണ് പൈപ്പ് തുടർച്ചയായി പൊട്ടുന്നത്.

രാത്രിയിലാണ് കൂടുതൽ നിർമ്മാണം നടക്കുന്നത്. പൈപ്പ് പൊട്ടുമ്പോൾ അറ്റകുറ്റപ്പണി നടത്താതെ സ്ഥലം വിടുകയാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. ഈ അവസ്ഥ തുടരാനാകില്ല. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങൾ ബുദ്ധിമുട്ടുന്ന സ്ഥലങ്ങളിലെല്ലാം കുടിവെള്ളം എത്തിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL