SignIn
Kerala Kaumudi Online
Friday, 23 October 2026 11.22 AM IST

പോക്സോ പ്രതി കോടതിയിൽ നിന്ന് രക്ഷപ്പെട്ടു; പൊലീസ് തന്ത്രപൂർവം വലയിലാക്കി

കൊല്ലം: കോടതിയിൽ നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് തന്ത്രപൂർവം മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി. കണ്ണനല്ലൂർ ജിയേഷ് ഭവനിൽ ജിനേഷാണ് (27) പിടിയിലായത്. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സി.പി.ഒ പ്രസന്നയുടെ കഴുത്തിൽപ്പിടിച്ച് തള്ളിയ ശേഷമാണ് പ്രതി പോക്സോ കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്.

2017ൽ പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജിനേഷ്. ഇരവിപുരം പൊലീസെടുത്ത കേസിൽ പിടിയിലായി ജിനേഷ് റിമാൻഡിലായിരുന്നു. അച്ഛനൊപ്പം തമിഴ്നാട്ടിലേക്ക് പോയ പരാതിക്കാരിയെ വർഷങ്ങൾക്ക് ശേഷം വശത്താക്കി വീണ്ടും ഒരുമിച്ച് താമസമാക്കി. ഇതിൽ ഒരു കുഞ്ഞും ജനിച്ചു. രജിസ്റ്റർ വിവാഹം ചെയ്യണമെന്ന് ജിനേഷ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും പോക്സോ കേസ് ഒത്തുതീർപ്പാക്കണെമന്ന് ആവശ്യപ്പെട്ട് പ്രതി നീട്ടിക്കൊണ്ടുപോയി.

കഴി‌ഞ്ഞമാസം 27ന് പ്രതി യുവതിയെ പിന്തുടർന്ന് ഉപദ്രവിച്ചു. അന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി 28ന് ഇരവിപുരം സ്റ്റേഷനിൽ പരാതി നൽകി. പഴയ പോക്സോ കേസിൽ ജിനേഷ് കോടതിയിൽ ഹാജരാകാതെ നടക്കുകയായിരുന്നു. ഇന്നലെ ഈ കേസിന്റെ ഹിയറിംഗ് പോക്സോ കോടതിയിൽ വച്ചിരുന്നു. ഇരവിപുരം പൊലീസ് യുവതിയെ കൊണ്ട് ജിനേഷിനെ വിളിപ്പിച്ച് കോടതിയിൽ വന്നാൽ പ്രശ്നങ്ങളെല്ലാം തീർപ്പാക്കാമെന്ന് പറഞ്ഞു. ഇത് വിശ്വസിച്ച് കോടതിയിൽ എത്തിയതായിരുന്നു ജിനേഷ്. പക്ഷെ കോടതി കസ്റ്റഡി വിചാരണയ്ക്ക് ഉത്തരവിട്ടതോടെ ജിനേഷ് വനിതാ പൊലീസുകാരിയെ വെട്ടിച്ച് രക്ഷപ്പെട്ടു.

കളക്ടറേറ്റിന് മുന്നിൽ നിന്ന് സ്വകാര്യ ബസിൽ കയറി കണ്ണനല്ലൂരേക്ക് പോയ ജിനേഷ് ഇടയ്ക്ക് സുഹൃത്തിനെ വിളിച്ചുവരുത്തി സ്കൂട്ടറിൽ കയറി വീട്ടിലെത്തി. അവിടെ പൊലീസെത്തിയതോടെ ഓടി രക്ഷപ്പെട്ട് ഓട്ടോറിക്ഷയിൽ കയറി. ഇരവിപുരം പൊലീസ് വീണ്ടും യുവതിയെ കൊണ്ട് ജിനേഷിനെ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച് മൈലക്കാട് നിന്ന ജിനേഷിനെ വെസ്റ്റ്, കൊട്ടിയം, കണ്ണനല്ലൂർ, ഇരവിപുരം എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘമെത്തി പിടികൂടുകയായിരുന്നു. വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ജിനേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വനിതാ പൊലീസുകാരിയെ ആക്രമിച്ചതിനും പ്രത്യേകം കേസെടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL