പടി. കല്ലട: കിടപ്പുറം വാർഡിലെ അയൽവാസിയായ പുതുവയലിൽ വീട്ടിൽ സുരേഷിനെ (42) വെട്ടിക്കൊന്ന കേസിലെ പ്രതി ബണ്ടിച്ചോർ എന്നറിയപ്പെടുന്ന അമ്പാടിയെ (25) വെള്ളിയാഴ്ച രാത്രി 11 മണിയോടെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി.
കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യയ്ക്ക് കോതപുരം ചെമ്പകം തുരുത്ത് കല്ലുംമൂട്ടിൽ ദേവീക്ഷേത്രത്തിലെ ഉത്സവസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ അമ്പാടിയെ ക്ഷേത്രപരിസരത്ത് നിന്നവർ പറഞ്ഞയച്ച ശേഷം സമീപത്തെ കണ്ണങ്കാട്ടു കടവിലെ റെയിൽവേ പാളത്തിൽ കയറി കിടക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തതിനെ തുടർന്ന് കൊല്ലപ്പെട്ട സുരേഷും സുഹൃത്തുക്കളും ചേർന്ന് അമ്പാടിയെ വീട്ടിൽ കൊണ്ടുവിട്ടു. ഇവർ തിരികെ പോകുന്ന സമയത്താണ് തെങ്ങുകയറ്റ തൊഴിലാളിയായ അമ്പാടി വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്താൾ ഉപയോഗിച്ച് സുരേഷിന്റെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ചത്.
രാത്രി 8.30 ഓടെയായിരുന്നു സംഭവം. ഉടൻ അയൽവാസികൾ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |