അധിക മഴ - 19.4 %
കൊല്ലം: കൊടും ചൂടിനിടയിൽ എത്തിയ വേനൽ മഴയിൽ കുളിർന്ന് ജില്ല. രണ്ട് ദിവസമായി ജില്ലയിലെ മിക്കയിടങ്ങളിലും നല്ല രീതിയിൽ മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 19.4 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വേനൽ മഴയോടൊപ്പം ശക്തമായ കാറ്റും നേരിയ തോതിലുള്ള ഇടിമിന്നലും ചില പ്രദേശങ്ങളിൽ അനുഭവപ്പെട്ടു.
ഇന്നലെയാണ് ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ ലഭിക്കുന്നത്. വേനൽ മഴ മാറി നിന്നത് കുടിവെള്ള സ്രോതസുകളെ സാരമായി ബാധിച്ചിരുന്നു. കനത്ത ചൂടിൽ കിണറുകളിലും ജലാശയങ്ങളിലും വെള്ളം താഴ്ന്നത് കൂടിവെള്ള ക്ഷാമം രൂക്ഷമാക്കിയിരുന്നു. വിവധ കുടിവെള്ള വിതരണ പദ്ധതികളെയും ഇത് പ്രതിസന്ധിയിലാക്കി. അടുത്ത ദിവസങ്ങളിലും വേനൽ മഴ ലഭിച്ചാൽ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഴ കനത്തതോടെ നഗരത്തിൽ റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗത തടസവും നേരിട്ടു. അതേസമയം വിണ്ടുകീറിക്കിടന്ന പാടങ്ങളിൽ മഴയെത്തിയത് കർഷകർക്ക് ആശ്വാസമായെങ്കിലും നെൽ കർഷകർ ആശങ്കയിലാണ്. ഇതേ സ്ഥിതി തുടർന്നാൽ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്ത് തടസപ്പെടും. വിളവെടുപ്പിന് വെള്ളത്തിലുമാകും. അടുത്ത നാലുദിവസം കൂടി ജില്ലയിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്നലെ ലഭിച്ചത്
(വെതർ സ്റ്റേഷൻ, മില്ലി മീറ്റർ)
കൊല്ലം 4.0
പുനലൂർ 0.4
ആര്യങ്കാവ് 13.0
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |