SignIn
Kerala Kaumudi Online
Friday, 23 October 2026 2.52 AM IST

പോയകാല തുടിപ്പുകളുമായി ചരിത്ര പ്രദർശനം

photo
ചരിത്ര പ്രദർശനത്തിലെ ശ്രീനാരായണ ഗുരുദേവ ശില്പം

കൊല്ലം: പഞ്ചമിയുടെ കൈയും പിടിച്ച് അയ്യങ്കാളി പള്ളിക്കൂടത്തിലേക്ക് നടന്നുചെല്ലുന്ന ശില്പം, ഒരു വേള കണ്ണോടിച്ചാൽ മതി പഴയ കാലവും പോരാട്ട വീര്യവും ഉള്ളിലേക്കെത്താൻ. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ലോകത്തോട് പറഞ്ഞ ശ്രീനാരായണ ഗുരുദേവൻ, മാറുമറയ്ക്കാനുള്ള അവകാശത്തിനായി മാറിടം മുറിച്ചുമാറ്റിയ നങ്ങേലി...

അങ്ങനെ നവോത്ഥാന നായകരുടെയും നാടിനുവേണ്ടി ജീവനും ജീവിതവും സമർപ്പിച്ചവരുടെയും ജീവൻതുടിക്കുന്ന ശില്പങ്ങളാണ് 'കേരളമാണ് മാതൃക' എന്ന ചരിത്ര പ്രദർശനത്തെ വേറിട്ടതാക്കുന്നത്. ഉണ്ണി കാനായിയാണ് ശില്പങ്ങളൊരുക്കിയത്. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ളതാണ് ആശ്രാമം മൈതാനത്തെ ചരിത്ര പ്രദർശനം. പ്രവേശന കവാടം കടക്കുമ്പോൾ മുൻ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെയും ഇ.എം.എസിന്റെയും ശില്പങ്ങളാണ് മുന്നിൽ തെളിയുക.

1939 ലെ പാറപ്പുറം സമ്മേളനത്തിന്റെ നിശ്ചല ദൃശ്യം കൂടുതൽ മിഴിവേകുന്നു. ഓലപ്പുരയിൽ നേതാക്കന്മാരെല്ലാം ഇരിക്കുന്ന ശില്പം കാണാനായി എത്തുന്നവർ ഏറെയാണ്. വെടിയേറ്റുവീഴുന്ന ഗാന്ധിയെ ഇന്നലെകളിൽ കണ്ടിട്ടില്ലാത്ത തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്. പിന്നെ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങൾ, ലോക ചരിത്രം, കൊല്ലത്തിന്റെ ചരിത്രം, കൊല്ലത്തിന്റെ പൈതൃകങ്ങൾ, എഴുതിയും പാടിയും കടന്നുപോയ ഒ.എൻ.വി അടക്കമുള്ള കവികൾ, കഥപറഞ്ഞ് രസിപ്പിച്ച സാംബശിവൻ, മറ്റ് കലാ സാംസ്കാരിക പ്രതിഭകൾ, കൊല്ലത്തുനിന്നുണ്ടായ മന്ത്രിമാർ തുടങ്ങിയതെല്ലാം ഓരോ ഭാഗത്തായുണ്ട്. 1957ലെ ഇ.എം.എസ് സർക്കാർ മുതൽ പിണറായി സർക്കാർ വരെയുള്ളവരുടെ ഭരണ നേട്ടങ്ങളും പ്രധാന സംഭവങ്ങളുമെല്ലാം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പഴയകാല കാർഷിക ഉപകരണങ്ങൾ, ആയുധങ്ങൾ, വീട്ടുപകരണങ്ങൾ, ടൈപ്പ് റൈറ്ററും റേഡിയോയുമടക്കം പഴമയെ ഓർമ്മപ്പെടുത്താവുന്ന ഒത്തിരി ഇനങ്ങൾ സ്റ്റാളുകളിലുണ്ട്.

മിൽമ, കശുഅണ്ടി വികസന കോർപ്പറേഷൻ, കാപ്പെക്സ്, കയർഫെ‌ഡ്, കൺസ്യൂമർ ഫെഡ്, റബ്കോ, ഖാദി തുടങ്ങി സർക്കാർ സ്ഥാപനങ്ങളും രുചിവിഭവങ്ങളോടെ കുടുംബശ്രീയുടെ ഫുഡ് കോർട്ടും സജീവമായി. കൈത്തറികളിലൂടെ വസ്ത്രങ്ങൾ തയ്യാറാക്കുന്നത് ലൈവായി കാണാനും വിലകൊടുത്ത് വാങ്ങാനും കഴിയും. കശുഅണ്ടി തൊഴിലാളികൾ കശുഅണ്ടി തല്ലുന്നതും യന്ത്ര സംവിധാനത്തിൽ പരിപ്പ് വേർപെടുത്തുന്നതുമൊക്കെ നേരിട്ടുകാണാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്. കണ്ണുകൊണ്ട് പോയകാലത്തേക്ക് സഞ്ചരിക്കാം. വിജ്ഞാന, വിനോദ, വാണിജ്യ, ചരിത്ര പ്രദർശനം കണ്ടിറങ്ങുമ്പോൾ ഉള്ളിലൊത്തിരി അറിവ് നിറയുമെന്നുറപ്പാണ്.

പ്രവേശനം സൗജന്യം

കമ്മ്യൂണിസ്റ്റ് ചരിത്രവും കൊല്ലത്തിന്റെ സാംസ്കാരിക തനിമയും അടയാളപ്പെടുത്തുന്ന 'കേരളമാണ് മാതൃക' ചരിത്ര പ്രദർശനത്തിൽ ആർക്കും പങ്കെടുക്കാം. സമ്മേളന സമാപന ദിനമായ 9 വരെ രാവിലെ 11 മുതൽ രാത്രി 10വരെയാണ് പ്രദർശനം, പ്രവേശനം സൗജന്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL