SignIn
Kerala Kaumudi Online
Friday, 23 October 2026 2.52 AM IST

വിമുക്തഭടന്റെ ആത്മഹത്യ: രണ്ട് മാസത്തിന് ശേഷം സി.പി.എം നേതാവിന്റെ മകൻ അറസ്റ്റിൽ

കുന്നത്തൂർ: ശൂരനാട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അയൽവാസി അറസ്റ്റിൽ. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് വിഷ്ണു പഞ്ചമിയിൽ വിഷ്ണു പ്രസാദാണ് (34) അറസ്റ്റിലായത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ ഓച്ചിറ പൊലീസാണ് പിടികൂടിയത്.

കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ രണ്ടാം പ്രതിയും വിഷ്ണു പ്രസാദിന്റെ മാതാവുമായ സി.പി.എം പ്രാദേശിക നേതാവ് സരള പ്രസാദ് ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് അമൃതയിൽ ബിജു (53) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വിഷ്ണു പ്രസാദ് അറസ്റ്റിലായത്. ശൂരനാട്‌ വടക്ക് ഗ്രാമപഞ്ചായത്തംഗം ശ്രീലക്ഷ്മിയുടെ ഭർത്താവും വിമുക്തഭടനുമായ ബിജുവിനെ ജനുവരി മൂന്നിനാണ് ഓച്ചിറയ്ക്കടുത്ത് ചങ്ങൻകുളങ്ങര കൊറ്റമ്പിള്ളി ലെവൽക്രോസിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. സമീപത്തുനിന്ന് ബിജുവിന്റെ സ്കൂട്ടറും കണ്ടെത്തിയിരുന്നു. അംഗപരിമിതികൾ ഉണ്ടായിരുന്ന ബിജു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വർഷങ്ങളായി ചികിത്സ നടത്തി വരികയായിരുന്നു. സൈനിക സേവനത്തിന് ശേഷം മടങ്ങിയെത്തിയ ബിജുവിൽ നിന്ന് വലിയൊരു തുക പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്റെ പേരിൽ ആർ.ഡി ഏജന്റ് കൂടിയായ സരള പ്രസാദും മകൻ വിഷ്ണു പ്രസാദും ചേർന്ന് തട്ടിയെടുത്തിരുന്നു. എന്നാൽ പണം പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്നില്ല. പണം തിരികെ ചോദിച്ച ബിജുവിനെ സരള പ്രസാദും മകനും ചേർന്ന് നിരവധി തവണ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി കുടുംബം പരാതിപ്പെട്ടിരുന്നു. മർദ്ദനവും പതിവായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം ഭാര്യയുടെയും മകളുടെയും മുമ്പിൽ വച്ച് വിഷ്ണു പ്രസാദ് ബിജുവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പൊലീസിന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ സി.പി.എം നേതാവിന്റെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് പേര് സഹിതം വെളിപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL