കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമരം കൊണ്ടുവരുന്നത് വിപ്ളവം ചുവപ്പിച്ച ശൂരനാടിന്റെ മണ്ണിൽ നിന്ന്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കൊടിമരം പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് എത്തിക്കും. തുടർന്ന് ഈ കൊടിമരത്തിലാണ് കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കൊണ്ടുവരുന്ന പതാക ഉയർത്തുന്നത്. അതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും.
മീൻപിടിച്ചത് വിപ്ളവം
അടിച്ചമർത്തപ്പെട്ട ജനതയുടെ ആത്മരോഷത്തിന്റെ അണപൊട്ടലായിരുന്നു ശൂരനാട് വിപ്ളവം. ശൂരനാട് ഉള്ളന്നൂർ കുളത്തിൽ നിന്ന് മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കലാപത്തിലേക്ക് നയിച്ചത്. ഉള്ളന്നൂർ കുളത്തിൽ കുളിക്കുന്നതടക്കം ജന്മിമാരുടെ മാത്രം അവകാശമായിരുന്നു. നാടുവാഴിത്തത്തിന്റെ വേരറുക്കുവാൻ തീരുമാനിച്ച ഒരുകൂട്ടം ചെറുപ്പക്കാർ ഉള്ളന്നൂർ കുളത്തിലിറങ്ങാനും മീൻപിടിക്കാനും തീരുമാനിച്ചു. അവർക്ക് പ്രോത്സാഹനം നൽകിക്കാെണ്ട് തോപ്പിൽ ഭാസി, ആർ.ശങ്കരനാരായണൻ തമ്പി, പുതുപ്പള്ളി രാഘവൻ, എൻ.ശ്രീധരൻ, പുതുശേരി രാമചന്ദ്രൻ, ചേലക്കോട്ടേത്ത് കുഞ്ഞിരാമൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ ശൂരനാട്ടിലെത്തി. കുളത്തിൽ നിന്ന് മീൻ പിടിച്ചത് ജന്മിമാരെ പ്രകോപിപ്പിച്ചു. പിന്നെ കയ്യാങ്കളിയായി. നാട്ടുകാരും പൊലീസുമായി ഏറ്റുമുട്ടി. മുഖ്യമന്ത്രി പറവൂർ ടി.കെ.നാരായണപിള്ള നേരിട്ട് സ്ഥലത്തെത്തി. ശൂരനാടെന്നൊരു നാടിനിവേണ്ടെന്ന് പ്രഖ്യാപിച്ചു. 1949 ഡിസംബർ 31നായിരുന്നു സംഭവം.
1950 ജനുവരി 18ന് സമരപോരാളി തണ്ടാശേരി രാഘവൻ അടൂർ പൊലീസ് ക്യാമ്പിൽ മർദ്ദനമേറ്റ് ആദ്യ രക്തസാക്ഷിയായി. ഈ ദിനമാണ് ശൂരനാട് രക്തസാക്ഷി ദിനമായി ആചരിക്കുന്നത്. കളയ്ക്കാട്ടുതറ പരമേശ്വരൻ നായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്കരൻ നായർ, കാഞ്ഞിരപ്പള്ളി വടക്കതിൽ പുരുഷോത്തമ കുറുപ്പ് എന്നീ അഞ്ച് സഖാക്കളെയാണ് അന്ന് പൊലീസ് കൊലപ്പെടുത്തിയത്. സമരസേനാനികളായിരുന്ന ചേലക്കാട്ടേത്ത് കുഞ്ഞിരാമനും അയണിവിള കുഞ്ഞുപിള്ളയും ചിറപ്പാട്ട് ചാത്തൻകുട്ടിയും അടുത്തകാലത്താണ് വിടപറഞ്ഞത്. ഒളിവിൽപ്പോയി തിരികെയെത്താത്തവരും നിരവധി. ശൂരനാട് കേസിൽ തോപ്പിൽ ഭാസിയടക്കം 26 പേരായിരുന്നു പ്രതികൾ.
കൊടിമര ജാഥ
ശൂരനാട് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ഇന്ന് വൈകിട്ട് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും. സി.എസ്.സുജാതയാണ് ജാഥാ ക്യാപ്ടൻ. രാജു എബ്രഹാം ജാഥാ മാനേജരും എസ്.ജയമോഹൻ ജാഥ അംഗവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |