കൊല്ലം: മാലിന്യമുക്ത നവകേരളത്തിനായി അണിചേരണമെന്ന പ്രമേയം സി.പി.എം സംസ്ഥാന സമ്മേളനം ഇന്നലെ ഐകകണ്ഠ്യേന അംഗീകരിച്ചു. നവകേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പാണ് കേരളത്തെ സമ്പൂർണമായും മാലിന്യമുക്തമാക്കുക എന്നത്. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് ഈ ലക്ഷ്യം കൈവരിക്കാൻ ജനങ്ങളെ മുഴുവൻ അണിനിരത്തിയുള്ള അതിവിപുലവും ഊർജ്ജിതവുമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്നത്.
മാലിന്യ സംസ്ക്‌കരണ പ്ലാന്റുകൾക്കെതിരെ ബോധപൂർവമായും അല്ലാതെയും എതിർപ്പുയർത്തുന്നതിനെ ജനങ്ങളെ വസ്‌തുതകൾ ബോദ്ധ്യപ്പെടുത്തി മറികടക്കാൻ നേതൃത്വം കൊടുക്കണം. പരിസ്ഥിതിക്കോ ആരോഗ്യത്തിനോ പൊതുജീവിതത്തിനോ യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടാക്കാത്ത ശാസ്ത്രീയ മാലിന്യ സംസ്കരണ സംരംഭങ്ങൾക്കെതിരെ അനാവശ്യ പ്രചാരണങ്ങളും പ്രതിരോധ സമരങ്ങളും ഉണ്ടാകുന്നു. . ഇത്തരം സമരങ്ങളെയും തെറ്റായ പ്രചാരണങ്ങളെയും പ്രതിരോധിക്കണം.ശാസ്ത്രീയ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തീയിട്ട് നശിപ്പിക്കുന്ന പ്രവണത ഗൗരവത്തോടെ കാണണം. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സാമൂഹ്യവിരുദ്ധ ശക്തികളിൽ നിന്ന് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. എല്ലാ പാർട്ടി അംഗങ്ങളും ഘടകങ്ങളും ഈ പ്രവർത്തനങ്ങൾക്കായി സജീവമായി രംഗത്തിറങ്ങണമെന്നും പ്രമേയത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |