കൊല്ലം: ചെമ്പതാകകൾ പാറുന്ന വഴികളിലൂടെ ഒരായുസുമുഴുവൻ പാർട്ടിയുടെ ചരിത്രത്തിനൊപ്പം നടന്ന നേതാക്കൾ അതിഥികളായെത്തി. പ്രതിനിധി സമ്മേളന ഹാളിൽ നിന്ന് പതാക ഉയർത്തലിനായി നേതാക്കൾ പുറത്തേക്ക് പോയപ്പോൾ പ്രായാധിക്യം തളർത്തിയ ശരീരവുമായി ആളൊഴിഞ്ഞ ഹാളിൽ അവറിരുന്നു.
അന്തരീക്ഷത്തിൽ ഇൻക്വിലാബ് മുഴങ്ങിയപ്പോൾ അവരുടെ മനസും അതേറ്റുവിളിച്ചിട്ടുണ്ടാകും. 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ മുതിർന്ന നേതാക്കളിൽ പലരും കഴിഞ്ഞ ദിവസം മുതൽ എത്തിയിരുന്നു. സ്വാഗത പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പേരെടുത്ത് പറഞ്ഞപ്പോൾ സദസിലിരുന്ന് അവർ മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്തു.1995ൽ അവസാനമായി കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനം നടന്നപ്പോൾ സംഘാടക സമിതി കൺവീനറായിരുന്ന പി.കെ.ഗുരുദാസൻ, മുൻമന്ത്രി പാലൊളി മുഹമ്മദ് കുട്ടി, മുൻ എൽ.ഡി.എഫ് കൺവീനർ, വൈക്കം വിശ്വൻ, സി.എൻ.രവീന്ദ്രനാഥ്, എൻ.പത്മാലോചനൻ, കേന്ദ്രകമ്മറ്റി അംഗമായിരുന്ന പി.കരുണാകരൻ തുടങ്ങിയ നേതാക്കളാണ് എത്തിച്ചേർന്നത്. പാർട്ടി ബ്രാഞ്ച് മുതൽ കേന്ദ്ര കമ്മിറ്റി വരെ എത്തിയ നേതാക്കൾ. എം.എൽ.എയും മന്ത്രിയുമൊക്കെയായി പ്രവർത്തിച്ചവർ. ഇതിൽ പി.കെ.ഗുരുദാസന്റെ പേരിലാണ് കൊല്ലത്ത് ഏറ്റവും കൂടുതൽ കാലം ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചുവെന്ന റെക്കാഡ് പോലും. ശാരീരിക അവശതകളുണ്ടെങ്കിലും പാർട്ടി ആവേശത്തിൽ അതെല്ലാം മറന്നു. ഇത്തവണ പ്രതിനിധി സമ്മേളനം നിയന്ത്രിക്കുന്നതിനും പതാക ഉയർത്താനും പാർട്ടി നിയോഗിച്ചത് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിർന്ന അംഗം എ.കെ.ബാലനെയായിരന്നു. പ്രായപരിധിയുടെ മാനദണ്ഡത്തിൽ നേതൃസമിതികളിൽ നിന്ന് ഒഴിയുന്ന മുതിർന്ന നേതാവിന് ഇത് പാർട്ടി നൽകിയ ആദരവ് കൂടിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |