കൊല്ലം: സംസ്ഥാന സമ്മേളനത്തിലെ അവസാന അജണ്ടകളിലൊന്നായ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിലേക്ക് പോകാൻ ഒരു ദിവസം ശേഷിക്കെ ജില്ലയിൽ നിന്ന് ആരൊക്കെ സംസ്ഥാന കമ്മിറ്റിയിൽ എത്തുമെന്ന ചർച്ച സജീവമാകുന്നു. നാളെയാണ് പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പെങ്കിലും പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ യോഗവും സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് രാത്രി യോഗം ചേർന്ന് പുതുതായി ഉൾപ്പെടുത്തേണ്ടവരുടെ നിർദേശം തയ്യാറാക്കും.
നിലവിൽ ജില്ലയിൽ കെ.എൻ.ബാലഗോപാൽ, എസ്.സുദേവൻ, കെ.രാജഗോപാൽ, പി.രാജേന്ദ്രൻ, ജെ.മേഴ്സിക്കുട്ടിഅമ്മ, കെ.വരദരാജൻ, എസ്.രാജേന്ദ്രൻ, കെ.സോമപ്രസാദ്, സൂസൻ കോടി, എം.എച്ച്.ഷാരിയർ, ചിന്ത ജെറോം എന്നിങ്ങനെ 11 പേരാണ് സംസ്ഥാന കമ്മിറ്റിയിലുള്ളത്.
75 പിന്നിട്ട പി.രാജേന്ദ്രനും എസ്.രാജേന്ദ്രനും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാകും. ഈ ഒഴിവുകളിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹനെ ഒന്നാമതായി പരിഗണിക്കുമെന്നാണ് സൂചന. രണ്ടാമത്തെ ഒഴിവിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യുവോ എക്സ്.ഏണസ്റ്റോ എത്തിയേക്കും. കഴിഞ്ഞ സംഘടനാകാലയളവിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായി പ്രവർത്തിച്ചവരിൽ എം.ശിവശങ്കരപ്പിള്ള, ബി.തുളസീധരക്കുറുപ്പ്, ടി.മനോഹരൻ എന്നിവരെ പരിഗണിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
കരുനാഗപ്പള്ളിയിലെ വിഭാഗീയതുമായി ബന്ധപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയാൽ സംസ്ഥാന ജോ. സെക്രട്ടറി സബിദാ ബീഗത്തെ പകരം ഉൾപ്പെടുത്തിയേക്കും. ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നിന്ന് സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കും പുറമേ ഒരാളെക്കൂടി പരിഗണിച്ചാൽ കൊല്ലംകാരനായ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബുവിന് ഇടം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |