
കൊല്ലം: കൊടും ചൂടും തീറ്റപ്പുല്ല് ലഭ്യത കുറയുകയും ചെയ്തതോടെ ക്ഷീരമേഖല തളരുന്നു. പച്ചപ്പുല്ലിന് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഉയർന്ന ഊഷ്മാവിൽ പാൽ ലഭ്യതയും കുറഞ്ഞു. വൈക്കോലാണ് കന്നുകാലി കർഷകർ പ്രധാനമായും തീറ്റയ്ക്കായി ആശ്രയിക്കുന്നത്.
തീറ്റയും വൈക്കോലും വിലകൊടുത്ത് വാങ്ങേണ്ടി വരുന്നതിനാൽ ഉത്പാദന ചെലവും വർദ്ധിച്ചു. ഉയർന്ന അന്തരീക്ഷതാപ നിലയും ആർദ്രതയും കന്നുകാലികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. താപനില വർദ്ധിക്കുന്നതിന് അനുസരിച്ച് തീറ്റയെടുക്കാൻ മടിക്കുകയും പാൽ ഉത്പാദനം ഗണ്യമായി കുറയുകയും ചെയ്യും.
തുറസായ പ്രദേശത്തോ വയലിലോ കന്നുകാലികളെ മേയ്ക്കുന്നതിലൂടെ സൂര്യാതപമേറ്റുള്ള വേനൽക്കാല രോഗങ്ങൾക്കും സാദ്ധ്യത കൂടുതലാണ്. നിർജ്ജലീകരണം അനുഭവപ്പെട്ട് കന്നുകാലികൾക്ക് മരണം വരെ സംഭവിക്കാം. മൃഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ ശരീരം വേഗം ചൂടാവുകയും ശ്വസന നിരക്ക് വർദ്ധിക്കുകയും ചെയ്യും.
തീറ്റയുടെ അളവ് കുറയുന്നതോടെ ആരോഗ്യവും പാൽ ഉത്പാദനവും ശോഷിക്കുന്നതിനാൽ കർഷകരും ബുദ്ധിമുട്ടുകയാണ്. തീറ്റയുടെ അളവിൽ വരുന്ന കുറവ് പാലിന്റെ ഗുണനിലവാരത്തെയും ബാധിക്കും. പാലിലെ ഘടകങ്ങളായ കൊഴുപ്പ്, എസ്.എൻ.എഫ്, ലാക്‌ടോസ് എന്നിവയും കുറയും.
കാലികളുടെ ആരോഗ്യത്തിൽ ശ്രദ്ധവേണം
വെയിലത്ത് തുറസായ സ്ഥലത്ത് മേയാൻ വിടരുത്
ഉദയത്തിന് മുമ്പും അസ്തമയത്തിന് ശേഷവും കൂടുതൽ തീറ്റ നൽകണം
പച്ചപ്പുല്ലിന് പകരം പച്ചിലകൾ, ഈർക്കിൽ കളഞ്ഞ പച്ച ഓല എന്നിവ നൽകാം
മാംസ്യത്തിന്റെയും ഊർജ്ജദായകമായ കൊഴുപ്പിന്റെയും അളവ് കൂട്ടണം
നാരിന്റെ അംശം കുറയ്ക്കണം
പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം
പ്രതിദിനം കുറഞ്ഞത് 60 ലിറ്റർ വെള്ളം ഓരോ കന്നുകാലിക്കും നൽകണം
ചൂട് കൂടുതലുള്ളപ്പോൾ തൊഴുത്തിലോ തണലിലോ കെട്ടണം
ശരീരം തണുക്കാൻ ചണച്ചാക്ക് നനച്ച് മൃഗങ്ങളുടെ ദേഹത്തിടണം
പ്രതിദിനം തീറ്റയിൽ കലർത്തി 50 ഗ്രാം സോഡാകാരം നൽകണം
തൊഴുത്തിൽ ഫാൻ ഘടിപ്പിക്കണം
ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുക, തൊഴുത്തിൽ ഫാനിടുക
വേനൽ കടുത്തതോടെ ചെലവ് വർദ്ധിച്ചു. പാലിന്റെ അളവ് കുറഞ്ഞു. കടുത്ത ചൂട് പശുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.
ക്ഷീര കർഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |