കൊല്ലം: വ്രതശുദ്ധിയോടെ പുതിയകാവിലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ആയിരങ്ങൾ ആത്മസായൂജ്യം നേടി. പുതികാവിലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയഭക്തരുടെ ഹൃദയങ്ങളിൽ നിന്ന് ഉയർന്ന ദേവീ സ്തുതികളാൽ നഗരാന്തരീക്ഷം ഭക്തിയുടെ പാരമ്യതയിലേയ്ക്ക് ഉയർന്നു. പൊങ്കാല അടുപ്പുകളിൽ അഗ്നി തെളിഞ്ഞതോടെ നഗരം ഭക്തിയുടെ യാഗശാലയായി. പുലർച്ചെ മുതൽ പൊങ്കാല സമർപ്പിക്കാനായി ഭക്തർ നഗരഹൃദയത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ക്ഷേത്രപരിസരം, ചിന്നക്കട, റെയിൽവേ സ്റ്റേഷൻ പരിസരം, റെയിൽവേ മേൽപ്പാലം, റെയിൽവേ ഗുഡ്സ് ഷെഡ് പരിസരം, ക്യു.എ.സി റോഡ്, കർബല, ചെമ്മാൻമുക്ക്, എസ്.എൻ കോളേജ് ജംഗ്ഷൻ, എ.ആർ ക്യാമ്പ് പരിസരം, എസ്.എം.പി റോഡ് തുടങ്ങിയിടങ്ങളിലെല്ലാം പൊങ്കാല അടുപ്പുകൾ നിരന്നു. രാവിലെ 10ന് മേൽശാന്തി ഇടമന ഇല്ലത്ത് എൻ.ബാലമുരളി ശ്രീകോവിലിൽ നിന്ന് ദീപം കൊളുത്തി ക്ഷേത്രമുറ്റത്തെ നിലവിളക്കിലേക്ക് പകർന്നു. തുടർന്ന് പണ്ടാര അടുപ്പിലേക്ക് പകർന്ന അഗ്നിയിൽ നിന്ന് ആയിരക്കണക്കിന് പൊങ്കാല അടുപ്പുകൾ തെളിഞ്ഞു. 41 ദിവസം ക്ഷേത്രത്തിൽ തങ്ങി വ്രതമനുഷ്ഠിച്ച ഭക്തർ പൂക്കുലയുമായെത്തി തീർത്ഥം തളിച്ചതോടെ ഭക്തർ പ്രാർത്ഥനയോടെ കലങ്ങളിൽ അരിയിട്ടു. നഗരത്തെ 50 ബ്ലോക്കുകളാക്കി തിരിച്ചാണ് പൊങ്കാല അടുപ്പുകൾ ക്രമീകരിച്ചത്. 11 ഓടെ പൊങ്കാല പാകമായി. പിന്നീട് പൊങ്കാല നിവേദിക്കാനുള്ള കാത്തിരിപ്പായി. നൂറിലേറെ ശാന്തിമാരെയാണ് പൊങ്കാല നിവേദിക്കാനായി നിയോഗിച്ചിരുന്നത്. അവർ പൊങ്കാല അടുപ്പുകളിൽ തീർത്ഥം തളിച്ചതോടെ ഭക്തർ ആത്മപുണ്യത്തോടെ വീടുകളിലേക്ക് മടങ്ങി. ഭക്തരെ സഹായിക്കാൻ വനിതകളടക്കം 700 സന്നദ്ധ പ്രവർത്തകരും നഗരത്തിലുണ്ടായിരുന്നു. നഗരത്തിലെ വിവിധ ആശുപത്രികളുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം, നഗരസഭ, പൊലീസ്, ആരോഗ്യവകുപ്പ്, അഗ്നിശമനസേന തുടങ്ങിയവരുടെ സേവനവുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |