മുക്കാൽ മണിക്കൂർ ഗതാഗതം സ്തംഭിച്ചു
കൊല്ലം: കായംകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് നീണ്ടകര പാലത്തിൽ എത്തിയപ്പോൾ എൻജിൻ ഭാഗത്ത് നിന്ന് പുക ഉയർന്നത് ഭീതി പരത്തി. ബസ് കത്തുമെന്ന ഭീതി ഉയർന്നതോടെ മുക്കാൽ മണിക്കൂറോളം പാലം വഴിയുള്ള ഗതാഗതം സ്തംഭിച്ചു.
ഇന്നലെ രാവിലെ 8.50 ഓടെയായിരുന്നു സംഭവം. കൊല്ലം ഡിപ്പോയിൽ നിന്ന് കായംകുളം കുണ്ടറ ഇടയ്ക്കോട് സർവീസ് നടത്തുന്ന ബസ് ഇടയ്ക്കോട് പോയ ശേഷം കായംകുളത്തേക്ക് പോകുമ്പോഴാണ് എൻജിനിൽ നിന്ന് വലിയളവിൽ പുക ഉയർന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ എൻജിൻ ഓഫ് ചെയ്ത ശേഷം നാല്പതോളം യാത്രക്കാരെ പുറത്തിറക്കി. ഇതിനിടയിൽ എൻജിനിൽ ചെറുതായി തീ പടർന്നിരുന്നു. ഉടൻ സ്ഥലത്തുണ്ടായിരുന്ന രണ്ട് യുവാക്കളുടെ സഹായത്തോടെ ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് തീകെടുത്തി.
വീണ്ടും തീപിടിക്കുമെന്ന ഭീതി കാരണം പാലത്തിലൂടെ മറ്റ് വാഹനങ്ങൾ കടത്തിവിട്ടില്ല. ചവറ, ചാമക്കട ഫയർസ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി എൻജിനിൽ കൂടുതൽ വെള്ളമൊഴിച്ച് തീപിടിത്ത സാദ്ധ്യത ഒഴിവാക്കിയപ്പോൾ മുക്കാൽ മണിക്കൂറോളം കഴിഞ്ഞിരുന്നു. ഇതിനിടയിൽ പാലത്തിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. എയർബ്രേക്ക് സംവിധാനം തകരാറിലായതിനാൽ ബസ് പാലത്തിൽ നിന്ന് തള്ളിനീക്കാൻ കഴിഞ്ഞില്ല. മൂന്ന് മണിക്കൂറിന് ശേഷം പൊലീസിന്റെ ക്രെയിൻ എത്തിച്ചാണ് ബസ് പാലത്തിൽ നിന്ന് നീക്കിയത്.
ട്രാൻ. ബസുകളുടെ അറ്റകുറ്റപ്പണി പാളുന്നു
ബസുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതിനാൽ കെ.എസ്.ആർ.ടി.സി ബസുകൾ വഴിയിൽ കിടക്കുന്നതും എൻജിനിൽ നിന്ന് പുക ഉയരുന്നതും അടക്കമുള്ള സംഭവങ്ങൾ പതിവാകുകയാണ്. എൻജിനിലെ വയറുകൾ ഷോർട്ടായതാണ് ഇന്നലെ നീണ്ടകരയിൽ വച്ച് ട്രാൻ. ബസിന്റെ എൻജിനിൽ നിന്ന് തീ ഉയരാൻ കാരണമെന്ന് കരുതുന്നു. ഡീസൽ ചോർച്ചയുമുണ്ടായിരുന്നതായി ഫയർഫോഴ്സ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |