SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

മൊബൈൽ, ഇന്റർനെറ്റ് ആസക്തി​: പൊലീസി​ന്റെ 'ഡി ഡാഡ് ' രക്ഷിച്ചത് 380 കുട്ടികളെ

ddad

കൊല്ലം: കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം പഠിപ്പിക്കാനുമുള്ള കേരള പൊലീസിന്റെ 'ഡി ഡാഡ്' പദ്ധതി പ്രകാരം മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തിൽ നിന്ന് ജില്ലയിൽ മോചിപ്പിച്ചത് 380 ഓളം കുട്ടികളെ. ആൺകുട്ടികൾ ഗെയിമുകൾക്കും പെൺകുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾക്കുമാണ് കൂടുതൽ അടിപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ് അഡിക്ഷൻ ടെസ്റ്റ് വഴിയാണ് ഡിജിറ്റൽ അടിമത്തത്തിന്റെ തോത് കണ്ടെത്തുന്നത്.

2023 മാർച്ചിലാണ് പദ്ധതി ആരംഭിച്ചത്. ജില്ലയിലെ ഡി-ഡാഡ് സെന്റർ പ്രവർത്തിക്കുന്നത് ചാമക്കട പഴയ ട്രാഫിക് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലാണ്.ഇവിടെ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റും പ്രോജക്ട് കോ ഓർഡിനേറ്ററുമുണ്ട്. എ.എസ്.പിമാർക്കാണ് ജില്ലകകളിൽ പദ്ധതിച്ചുമതല. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ സെന്ററിലൂടെ സേവനം ലഭിക്കും.
കുട്ടികളിലെ അമിത മൊബൈൽഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീല സൈറ്റുകൾ സന്ദർശിക്കൽ, സമൂഹ മാദ്ധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കൽ, വ്യാജ ഷോപ്പിംഗ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടൽ തുടങ്ങിയവ കൗൺസലിംഗിലൂടെ മാറ്റിയെടുക്കലാണ് ലക്ഷ്യം. കുട്ടികളെ സ്മാർട്ട്ഫോൺ അഡിക്ഷൻ ടെസ്റ്റിനും വിധേയമാക്കും. തുടർന്ന് ആസക്തിയിൽനിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിംഗ്, മാർഗ നിർദേശങ്ങൾ എന്നിവ നൽകും. 18 വയസുവരെയുള്ളവർക്ക് സൗജന്യ കൗൺസലിംഗാണ് നൽകുന്നത്.

പദ്ധതിയുടെ ഭാഗമായി സ്കൂളുകളും റസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ചുള്ള ബോധവത്കരണ ക്ളാസുണ്ട്. രക്ഷിതാക്കൾക്ക് കുട്ടിയുമായി നേരിട്ടെത്തി പ്രശ്നപരിഹാരം തേടാം. അദ്ധ്യാപകരുടെ സഹായത്തോടെയും ഇത്തരം കുട്ടികളെ കണ്ടെത്തി കൗൺസലിംഗ് നൽകും. പൊലീസ് ഡയറക്ടറേറ്റാണ് ഡിജിറ്റൽ ഡി അഡിക്ഷൻ സെന്റർ (ഡി ഡാഡ്) തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിൽ ആരംഭിച്ചത്. മറ്റു ജില്ലകളിലും പദ്ധതി ആരംഭിക്കുന്നത് പരിഗണനയിലുണ്ട്.

ജില്ലയിൽ പദ്ധതി ആരംഭിച്ചിട്ട്

01 വർഷം

സേവനത്തിന് വിളിക്കാം

അക്രമാസക്തരാകൽ, ആത്മഹത്യാ പ്രവണത, അമിത ദേഷ്യം, പഠനത്തിലെ ശ്രദ്ധക്കുറവ്, അമിത സോഷ്യൽ മീഡിയ ഉപയോഗം എന്നീ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരത്തിനായി ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം. 9446042066, 9895972066 എന്നീ നമ്പറുകളിലേക്ക് കുട്ടികൾക്കോ കൂട്ടുകാർക്കോ മാതാപിതാക്കൾക്കോ അദ്ധ്യാപകർക്കോ അഭ്യുദയകാംക്ഷികൾക്കോ വിളിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL