കൊല്ലം: വിവാഹ സ്വപ്നം തകർന്നതിന്റെ രോഷത്തിൽ ഉളിയക്കോവിലിലെ കുടുംബത്തെ ഒന്നാകെ കശാപ്പ് ചെയ്യാനാണ് നീണ്ടകര സ്വദേശിയായ തേജസ് രാജു എത്തിയത്. കൊല്ലപ്പെട്ട ഫെബിൻ ഗോമസെത്തി വീടിന്റെ വാതിൽ തുറന്നതിന് പിന്നാലെ തന്നെ കൈയിൽ കരുതിയിരുന്ന കുപ്പി തുറന്ന് പെട്രോൾ മുറിയിലാകെ ഒഴിക്കുകയായിരുന്നു.
ഫെബിൻ ഗോമസിനെ കുത്തിയതിന് പിന്നാലെ പിതാവ് ജോർജ് ഗോമസുമെത്തി പിടിവലി ശക്തമായതോടെയാണ് ഫെബിന് തീയിടാൻ കഴിയാതെ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായുള്ള സായാഹ്ന സദ്യ നടക്കുന്നതിനാൽ കൊലപാതകം നടന്ന വീടിനോട് ചേർന്നുള്ള റോഡിൽ ആൾത്തിരക്കുണ്ടായിരുന്നു. അതുകൊണ്ടാകാം അദ്യം വീടിന് മുന്നിലെത്തിയ തേജസ് രാജു മടങ്ങിപ്പോയത്. പിന്നീട് വീട്ടിൽ നിന്ന് നൂറ് മീറ്റർ അകലെ കാർ പാർക്ക് ചെയ്ത ശേഷം പർദ്ദ ധരിച്ച് വീട്ടിലേക്ക് നടന്നെത്തുകയായിരുന്നു. മുഖം അടക്കം മറച്ചാണ് പർദ്ദയിട്ടിരുന്നത്. പിടിവലിക്കിടയിൽ ഊരിയ പർദ്ദ ഫെബിന്റെ വീട്ടിൽ രക്തം പറ്റി കിടപ്പുണ്ടായിരുന്നു.
കാറിലാകെ ചോരപ്പാടുകൾ
ഉളിയക്കോവിലിൽ നിന്ന് കടപ്പാക്കട വഴി പാഞ്ഞെത്തി ചെമ്മാംമുക്ക് ആർ.ഒ.ബിക്ക് അടയിൽ കാർ പാർക്ക് ചെയ്ത ശേഷമാണ് തേജസ് ട്രെയിനിന് മുന്നിൽച്ചാടിയത്. കാറിനുള്ളിലും ബോണറ്റിലും ഡിക്കിയിലും ചോരപ്പാടുകളുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം കാർ തുറന്നു പരിശോധിച്ചപ്പോൾ പിതാവിന്റെ തിരിച്ചറിയൽ രേഖ ലഭിച്ചു. അതിലെ നമ്പരിൽ ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് തേജസാണെന്ന് സ്ഥിരീകരിച്ചത്.
വീട്ടിൽ നിന്നിറങ്ങിയത് ഉച്ചയ്ക്ക്
വിവാഹ സ്വപ്നം തകർന്നതിന് പുറമേ അടുത്തിടെ നടന്ന പൊലീസിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടതിലും ബി.ടെക്കുകാരനായ തേജസ് കടുത്ത നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെയാണ് തേജസ് കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഫോൺ വിളിച്ചിട്ടും എടുക്കാഞ്ഞതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് രാത്രി എഴരയോടെ പിതാവിന് കൊല്ലം ഈസ്റ്റ് പൊലീസിന്റെ വിളിയെത്തിയത്.
യുവാവിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും
കൊലപാതകത്തിന് തേജസിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അറിയാൻ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും. തേജസ് സഞ്ചരിച്ച വഴിയിലെ നിരീക്ഷണ കാമറകൾ പൊലീസ് പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ കാറിനുള്ളിൽ തേജസ് ഒറ്റയ്ക്കായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |