കൊല്ലം: ചൊവ്വാഴ്ച രാത്രി വരെ അതൊരു കളിവീടായിരുന്നു. വീടിന്റെ വാതിൽ തുറക്കേണ്ട പാട്. രണ്ടരവയസുകാരൻ ആർദ്രിക് ഓടി മുറ്റത്തെ മാഞ്ചോട്ടിലേക്ക് എത്തുമായിരുന്നു. അവിടെയായിരുന്നു അവന്റെ ഹൃദയം. അച്ഛൻ സമ്മാനമായി വാങ്ങിനൽകിയ ഊഞ്ഞാൽ. ഇന്നലെ ആ ഊഞ്ഞാലിനരികിലൂടെ ആർദ്രിക് യാത്രയായി. ഒപ്പം അച്ഛൻ അജീഷും അമ്മ സുലുവും.
രണ്ടരവയസുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അജീഷും സുലുവും ജീവനൊടുക്കിയ വിവരമറിഞ്ഞ് മയ്യനാടുകാരാകെ നടുങ്ങി. നൂറുകണക്കിന് ജനങ്ങൾ ആ വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തി. അമ്മയുടെയും അമ്മൂമ്മയുടെയും കൈപിടിച്ച് ആർദ്രിക് പിച്ചവച്ച് നടക്കുന്നത് അവരിൽ പലരും കണ്ടിട്ടുണ്ടായിരുന്നു. 'ആ കുഞ്ഞിനെക്കൂടി അവർ എന്തിന് കൊണ്ടുപോയി' എന്ന് പലരും നെഞ്ച് പിടയുന്ന വേദനയോടെ ചോദിച്ചു. 'അവനെ അനാഥനാക്കി അവർ മാത്രമായെങ്ങനെ പോകും' എന്ന് പറഞ്ഞ് പിന്നീട് സ്വയം ആശ്വസിച്ചു.
ചൊവ്വാഴ്ച രാത്രി 10ന് ഉറങ്ങും മുമ്പും അമ്മൂമ്മ ആർദ്രിക്കിന്റെ ചിരി കേട്ടിരുന്നു. അവന്റെ ഉറക്കം കെടുത്തേണ്ടെന്ന് കരുതിയാണ് ഇന്നലെ നേരം പുലർന്ന് ഏറെനേരം കഴിഞ്ഞിട്ടും അമ്മൂമ്മ മുറിയിൽ മുട്ടി വിളിക്കാതിരുന്നത്. നീല ജീൻസും ടീ ഷർട്ടും ധരിച്ച് എപ്പോഴും ഉറങ്ങുംപോലെയാണ് ഇന്നലെ അവൻ ചേതനയറ്റ് കിടന്നിരുന്നത്. മരണവേദനയുടെ ലക്ഷണങ്ങൾ ആ മുഖത്തില്ലായിരുന്നുവെന്നും ഇൻക്വസ്റ്റിന്റെ സാക്ഷികൾ പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൂവരുടെയും മൃതദേഹം വൈകിട്ട് അഞ്ചരയോടെ വലിയവിളയിവെ സുലുവിന്റെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. രാത്രി ഏഴരയോടെ പോളയത്തോട് വിശ്രാന്തിയിൽ സംസ്കരിച്ചു.
'വീണ്ടും പരാജയപ്പെടുന്നു..."
'വീണ്ടും പരാജയപ്പെടുന്നു...' മുറിയിൽ നിന്ന് കണ്ടെടുത്ത അജീഷിന്റെ കൈപ്പടയിലുള്ള ആത്മഹത്യാക്കുറിപ്പ് ഇങ്ങനെയാണ് അവസാനിച്ചിരുന്നത്. സ്വപ്നങ്ങളെല്ലാം തകർക്കുന്ന വിധിയുടെ ക്രൂരതയെപ്പറ്റിയായിരുന്നു ആ കുറിപ്പിൽ. രോഗങ്ങൾ തുടർച്ചയായി പരാജയപ്പെടുത്തുന്നു. ഇപ്പോഴും ഇങ്ങനെ തോൽക്കാൻ വയ്യ. എന്നിങ്ങനെ നീളുന്നു ആത്മഹത്യാക്കുറിപ്പിലെ വരികൾ.
'പറഞ്ഞിട്ടും കേട്ടില്ലല്ലോ'
അജീഷിന്റെ രോഗവിവരമറിഞ്ഞ് സഹോദരി ഭർത്താവായ ശരത്ത് രണ്ട് ദിവസം മുമ്പ് വീട്ടിൽ ചെന്നിരുന്നു. എല്ലാ ശരിയാക്കാം, വിഷമേക്കേണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതാണ്. പ്രാർത്ഥിക്കാം, നിങ്ങളും പ്രാർത്ഥിക്കണമെന്ന് പറഞ്ഞാണ് ശരത്ത് മടങ്ങിയത്. രോഗവിവരം അജീഷ് അടുത്തബന്ധുക്കളോട് പോലും പറഞ്ഞിരുന്നില്ല.
മൃതദേഹം ഏറ്റുവാങ്ങി അദ്ധ്യാപകൻ
മയ്യനാട് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ആർ.എസ്.അബിൻ ഉള്ളുലഞ്ഞ വേദനയോടെയാണ് മൂവരുടെയും ഇൻക്വസ്റ്റിന് സാക്ഷിയായതും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. സുലുവിനെ നാലാം ക്ലാസ് മുതൽ എട്ട് വരെ ട്യൂഷൻ പഠിപ്പിച്ചതും അബിനും അമ്മയുമായിരുന്നു. നാട്ടുകാരൻ തന്നെയായ അജീഷുമായും നല്ല സൗഹൃദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |