SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

വീട്ടിൽ കഞ്ചാവ് തോട്ടം, യുവാക്കൾ അറസ്റ്റിൽ  10.5 കിലോ കഞ്ചാവും പിടിച്ചെടുത്തു

കൊല്ലം: വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവും സുഹൃത്തും എക്സൈസ് പിടിയിലായി. പറമ്പിന്റെ പലഭാഗങ്ങളിലായി കഞ്ചാവ് നട്ടുവളർത്തിയ ഓച്ചിറ മേമന ഇടയില വീട്ടിൽ അഖിൽ കുമാ‌ർ(31), സുഹൃത്ത് ഓച്ചിറ മേമന മനീഷ് ഭവനിൽ മനീഷ് (27) എന്നിവരാണ് പിടിയിലായത്. അഖിൽകുമാറിന്റെ വീട്ടിൽ നിന്ന് 38 കഞ്ചാവ് ചെടികളും 10.5 കിലോ കഞ്ചാവും കണ്ടെടുത്തു. മനീഷിന്റെ വീട്ടിൽ നിന്ന് 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

അഖിലും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. 20 സെന്റ് പുരയിടത്തിന്റെ പല ഭാഗങ്ങളിലായാണ് കഞ്ചാവ് വളർത്തിയിരുന്നത്. പുറത്തുനിന്ന് വാങ്ങിയ വിലകൂടിയ ചെടിയെന്നാണ് അമ്മയെ വിശ്വസിപ്പിച്ചിരുന്നത്. വീടിന് മുന്നിൽ ചെടിച്ചട്ടിയിലാണ് 9 കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. ബാക്കി 29 എണ്ണം പലയിടങ്ങളിലായി തറയിലുമാണ് നട്ടിരുന്നത്. വാങ്ങുന്ന കഞ്ചാവിൽ നിന്ന് അരി വേർതിരിച്ചെടുത്ത് പലപ്പോഴായാണ് നട്ടത്. 45 സെന്റിമീറ്റർ വരെ ഉയരത്തിൽ രണ്ടുമാസം വരെ വളർച്ചയെത്തിയവ വരെയുണ്ട്.

നാലുമാസം മുമ്പ് ഓച്ചിറ വയനകത്ത് വച്ച് 110 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നു. ഈ യുവാവിൽ നിന്ന് ഒപ്പം കച്ചവടം നടത്തുന്ന മനീഷിനെക്കുറിച്ചുള്ള വിവരം ലഭിച്ചു. സുഹൃത്ത് പിടിയിലായതോടെ മനീഷ് ഒളിവിൽപ്പോയി. മടങ്ങിയെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ട് മൂന്നോടെ എക്സൈസ് സംഘം വീട്ടിലെത്തിയപ്പോൾ മനീഷ് വളർത്തുനായയെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെട്ടു. പിന്തുടർന്ന് പിടികൂടിയ എക്സൈസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കഞ്ചാവ് എത്തിച്ചുനൽകുന്ന അഖിൽകുമാറിനെ കുറിച്ച് വെളിപ്പെടുത്തി. ഇതോടെയാണ് എക്സൈസ് സംഘം അഖിലിന്റെ വീട്ടിലേക്കെത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സി.ഐ എസ്.എസ്.ഷിജു, എക്സൈസ് ഇൻസ്പെക്ടർ സി.ടി.ദിലീപ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി.വിധുകുമാർ, പ്രിവന്റീവ് ഓഫീസർ ജെ.ആർ.പ്രസാദ്കുമാർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.അനീഷ്, ബി.എസ്.അജിത്, ജൂലിയൻ ക്രൂസ്, ജെ.ജോജോ, പി.എസ്.സൂരജ്, എച്ച്.അഭിരാം, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിധി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ എസ്.കെ.സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL